സൽമാൻ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം അന്തിം ദ ഫൈനൽ ട്രൂത്ത് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചതും സൽമാൻ തന്നെയാണ്. താരത്തിന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത്. 

ഇപ്പോൾ സൽമാനെക്കുറിച്ച് മഹേഷും ആയുഷും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന സൽമാൻ ഖാൻ എന്ന വ്യക്തിയെക്കുറിച്ചാണ് ഇരുവരുടെയും തുറന്നു പറച്ചിൽ.

എസിയൊന്നുമില്ലാത്ത ഫാൻ മാത്രമായി സോഫയിൽ കിടക്കാൻ തയ്യാറാകുന്ന ആളാണ് സൽമാൻ എന്നാണ് മഹേഷ് ഒരഭിമുഖത്തിൽ പറഞ്ഞത്. ഇത് ശരിവയ്ക്കുകയാണ് ആയുഷും. 

"സൽമാൻ ഭായിയുടെ ജീവിതശൈലി, വീട്, ഒക്കെ വളരെ ലളിതമാണ്. പുതിയ മോഡൽ ഫോണുകളോടോ കാറുകളോടോ, ടെലിവിഷനോടോ അദ്ദേഹത്തിന് താൽപ്പര്യമില്ല.ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് ഉപയോ​ഗിക്കാനൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തിന് സിനിമകളിൽ മാത്രമാണ് താൽപര്യം. നിങ്ങൾ അദ്ദേഹത്തെ കുറച്ച് നേരം തനിച്ചാക്കിയാൽ, ആ സമയത്ത് അദ്ദേഹം സിനിമ കാണും. അടിസ്ഥാനപരമായ ഉപകരണങ്ങൾ മാത്രമുള്ള ജിം ആണ് സൽമാന്റേത്. കാറോ മറ്റോ വാങ്ങാൻ കുടുംബാം​ഗങ്ങൾ നിർബന്ധിക്കണം അല്ലെങ്കിൽ അതിലൊന്നും അദ്ദേഹം ശ്രദ്ധയേ കൊടുക്കാറില്ല". ആയുഷ് പറയുന്നു.

നവംബർ 26നാണ് അന്തിം ​ദ ഫൈനൽ ട്രൂത്ത് തീയേറ്ററുകളിലെത്തിയത്. ചിത്രം പുറത്തിറങ്ങിയതിന്റെ ആഘോഷങ്ങളുടെ ഭാ​ഗമായി തന്റെ ആരാധകർ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനെതിരേ സൽമാൻ തന്നെ രം​ഗത്തെത്തിയിരുന്നു. 

'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേർ ദുരിതം അനുഭവിക്കുമ്പോൾ നിങ്ങൾ ഫ്‌ളക്‌സിൽ പാലൊഴിച്ച് അത് പാഴാക്കിക്കളയുകയാണ്. പാൽ നൽകണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ അത് ദരിദ്രരായ കുഞ്ഞുങ്ങൾക്ക് നൽകുക', എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം സൽമാൻ കുറിച്ചത്.

content highlights : Salman Khans Simple Lifestyle revealed by Ayush Sharma, Salman New movie Antim The Final Truth