
Salman Khan, Chiranjeevi
ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ അഭിനയിക്കാന്‍ പ്രതിഫലം നിരസിച്ച് സല്‍മാന്‍ ഖാന്‍. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ 20 കോടിയോളം രൂപ വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ സല്‍മാന്‍ അത് നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 'എനിക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നാല്‍ താങ്കള്‍ പ്രതിഫലം വാങ്ങുമോ?' എന്ന് സല്‍മാന്‍ ഖാന്‍ ചിരഞ്ജീവിയോട് ചോദിച്ചുവെന്നും അദ്ദേഹം വികാരാധീനനായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സല്‍മാനെ സമീപിച്ചതെന്നാണ് സൂചനകള്‍. ചിത്രത്തിലേക്ക് സല്‍മാനെ സ്വാഗതം ചെയ്തുകൊണ്ട് ചിരഞ്ജീവി ട്വീറ്റ് ചെയ്തിരുന്നു.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്. ആദ്യമായാണ് സല്‍മാന്‍ തെലുങ്കില്‍ വേഷമിടുന്നത്.
ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു.
ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..