Salman Khan, Chiranjeevi
സൽമാൻ ഖാൻ തെലുങ്കിലേക്ക്. ചിരഞ്ജീവി നായകനായെത്തുന്ന ഗോഡ്ഫാദറിലൂടെയാണ് സൽമാൻ തെലുങ്കിലേക്കെത്തുന്നത്. മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്ഫാദർ. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ ചിരഞ്ജീവിയെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സൽമാനെ സമീപിച്ചതെന്നാണ് സൂചനകൾ. ചിത്രത്തിലേക്ക് സൽമാനെ സ്വാഗതം ചെയ്തുകൊണ്ട് ചിരഞ്ജീവി ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് നയൻതാരയാണ്.
ജയം മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമൻ ആണ് സംഗീതം. സിൽവയാണ് സംഘട്ടന സംവിധായകൻ. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സിൽവയായിരുന്നു.
ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകൾ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവർ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടർന്നാണ് തമിഴ് സംവിധായകൻ മോഹൻരാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. എൻ.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫർ നിർമിക്കുന്നത്.
Content Highlights: Salman Khan in Lucifer Telugu Remake Godfather Starring Chiranjeevi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..