സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്, www.facebook.com/IamSRK/photos
ഇന്ത്യയിൽ വൻ ആരാധകവൃന്ദമുള്ള രണ്ട് താരങ്ങളാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും. ഇവർ ഒന്നിച്ചാൽ എങ്ങനെയുണ്ടാവും എന്ന് ചോദിച്ചാൽ ബോക്സോഫീസ് ബാക്കി കാണില്ല എന്നായിരിക്കും മിക്കവരുടേയും ഉത്തരം. അവർക്കായി ഇതാ ഒരു സന്തോഷ വാർത്ത. ഇരുവരും ഒരുമിച്ച് സ്ക്രീൻ പങ്കിടാൻ പോകുന്നു. ഒന്നല്ല മൂന്ന് ചിത്രങ്ങളിൽ.
പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൽമാൻ ഖാൻ നായകനാവുന്ന പുതിയ ചിത്രത്തിലാണ് ഷാരൂഖ് അതിഥി വേഷത്തിലെത്തുന്നത്. ഏക് ഥാ ടൈഗർ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായിരിക്കും ഇത്. പത്താൻ എന്ന ചിത്രത്തിലെ ഇതേ പേരിലുള്ള കഥാപാത്രമായിട്ടാകും ഷാരൂഖ് ടൈഗർ 3 യിൽ എത്തുക. അതിഥി വേഷമായിരിക്കും ഇത്. ഇതേപോലെ പത്താനിൽ ടൈഗറിലെ കഥാപാത്രമായി സൽമാനും കാമിയോ വേഷത്തിൽ എത്തുന്നുണ്ട്.
ഈ രണ്ടുസിനിമകൾക്കും ശേഷം രണ്ട് കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകി ചിത്രമൊരുക്കാൻ ആദിത്യ ചോപ്ര തയ്യാറെടുക്കുന്നെന്നാണ് റിപ്പോർട്ട്. 2023 അവസാനത്തോടെ ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ആദ്യ സ്പൈ മൾട്ടി യൂണിവേഴ്സ് ചിത്രം എന്ന വിശേഷണത്തോടെയാകും ചിത്രം എത്തുക. രാകേഷ് റോഷൻ സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ കരൺ അർജുനിലാണ് ഷാരൂഖും സൽമാനും ഇതിനുമുമ്പ് തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തിയത്.
അതേസമയം ഷാരൂഖ് പ്രധാനവേഷത്തിലെത്തുന്ന പത്താൻ അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഭി ഈദ് കഭി ദീവാലിയാണ് സൽമാന്റേതായി ഇനി വരാനുള്ളത്. ചിരഞ്ജീവി നായകനാവുന്ന ഗോഡ്ഫാദറിൽ അതിഥി വേഷത്തിലും സൽമാൻ എത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..