സിഐഡി മൂസയുടെ പൂജ ചടങ്ങിൽ നിന്നും, സലീം കുമാർ സിഐഡി മൂസയിൽ
'സിഐഡി മൂസ'യില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് പിണങ്ങിയ കാര്യം തുറന്നു പറഞ്ഞ് സലിം കുമാര്‍. സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് നായകനും നിര്‍മാതാവുമായ ദിലീപിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് സലീം കുമാര്‍ പറഞ്ഞു. പിന്നീട് അണിയറപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞതിലെ വസ്തുത മനസ്സിലായപ്പോള്‍ തിരിച്ചു വിളിക്കുകയായിരുന്നുവെന്ന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സലിംകുമാര്‍ പറഞ്ഞു.
ഞാന്‍ ഏറ്റവും കൂടുതല്‍ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു ദിലീപിന്റെ നിര്‍മാണ കമ്പനിയുടെ പേര്. രാവിലെ മുതല്‍ രാത്രി വരെ ദിലീപ് ഇരുന്നു ആലോചനയാണ്. നമ്മള് നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഇതാണ് അതെങ്ങനെ എടുക്കും എന്നൊക്കെയാണ് ചര്ച്ചകകള്. അതില്‍ ഞാനുമുണ്ടാകും. ഷൂട്ടിങിന് സെറ്റിലെത്തിയാല്‍ ക്യാമറാമാനുമായും സംവിധായകനായ ജോണി ആന്റണിയുമായി വീണ്ടും ആലോചന. അങ്ങനെ എല്ലാത്തിനും ആലോചന.
ഇത് കണ്ട് ഞാന്‍ പ്രൊഡക്ഷന്റെ പേര് മാറ്റി ഗ്രാന്‍ഡ് ആലോചന പ്രൊഡക്ഷന്‍സ് എന്നാക്കി. നൂറോ നൂറ്റി ഇരുപതോ ദിവസം ഒന്നും അന്നത്തെ കാലത്ത് സിിനമയുടെ ചിത്രീകരണം നടക്കുകയില്ല. എന്നാല്‍ ഈ സിനിമയുടെ ഷൂട്ടിങ് അത്രയും നീണ്ടുപോയി. അന്നൊന്നും മറ്റു പടങ്ങള്‍ അത്രയും നീണ്ടുപോകില്ല. ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ കേള്‍ക്കുന്നു, എന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്.
ഞാന്‍ ചോദിച്ചു, 'അതെങ്ങനെ ശരിയാകും'. അങ്ങനെ ഒന്നും രണ്ടുംപറഞ്ഞ് ഞങ്ങള്‍ തെറ്റി. ഞാന്‍ അഭിനയിക്കുന്നില്ല എന്നുപറഞ്ഞു ഉടക്കി പോന്നു. ക്യാപ്റ്റന്‍ രാജു ചേട്ടന് അതില്‍ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും എന്റേതും ഞാന്‍ തന്നെ ചെയ്യണം എന്നതായിരുന്നു അവര്‍ വിചാരിച്ചത്. എന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ഞാനാകണം, അമ്മാവനും ഞാനാകണം.
പിണങ്ങിയപ്പോയ ഞാന്‍ നേരെ ലാല്‍ ജോസിന്റെ 'പട്ടാളം' എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് മനസ്സിലായി. അങ്ങനെ വീണ്ടും സിഐഡി മൂസയിലേക്ക് മടങ്ങി വന്നു. അതില്‍ പടക്കം കത്തിച്ചതൊക്കെ ഒറിജിനല്‍ പടക്കമാണ്. അന്നത്തെ ആവേശത്തില്‍ ആണ് അതൊക്കെ ചെയ്തത്. സിനിമയോടുള്ള വല്ലാത്ത ഹരം കൊണ്ട് നടക്കുന്ന സമയമായിരുന്നു അത്- സലിം കുമാര്‍ പറയുന്നു.
Content Highlights: Salim Kumar Interview about CID moosa, he rejected to play the double Role
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..