​പറവൂർ: രമേഷ് ഡി. കുറുപ്പ് രാവിലെ ഫോണിൽ വിളിച്ച് വീട്ടിൽ ഉണ്ടാകുമോ എന്നു തിരക്കി. ഒന്നും മിണ്ടിയില്ല, എന്തെങ്കിലും കെണിയാകുമെന്നാണ് കരുതിയത്. പ്രതിപക്ഷ നേതാവ് വീട്ടിലെത്തുമെന്നോ ആദരിക്കുമെന്നോ ഒന്നും പറഞ്ഞില്ല. സലിംകുമാർ സ്വതസ്സിദ്ധമായ ശൈലിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനോട് ഇതു പറഞ്ഞപ്പോൾ ലാഫിങ് വില്ലയാകെ ചിരിയിലമർന്നു.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് വി.ഡി. സതീശനും കൂട്ടരും സലിംകുമാറിന്റെ വീട്ടിലെത്തിയത്. സലിംകുമാർ സിനിമയിൽ എത്തിയതിന്റെയും വിവാഹ ജീവിതത്തിന്റെയും 25-ാം വാർഷികത്തിൽ ലാഫിങ് വില്ലയിൽ ആദരിക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രതിപക്ഷ നേതാവിനെ സലിംകുമാർ വീട്ടുവളപ്പിലുണ്ടായ കരിക്ക് നൽകി സ്വീകരിച്ചു. സലിംകുമാറിനെയും ഭാര്യ സുനിതയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതിപക്ഷ നേതാവ് ഒപ്പിട്ട മൊമന്റോയും സലിംകുമാറിന് നൽകി. സിനിമ-സീരിയൽ നടൻ വിനോദ് കെടാമംഗലവും ഒപ്പമുണ്ടായിരുന്നു. മിമിക്രി കലാകാരനായിരുന്ന സലിംകുമാർ 1996 സെപ്റ്റംബർ 14-നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധുവീട്ടിൽ നിന്ന് ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അന്നുമുതൽ ഇന്നുവരെ മൂന്നു തമിഴ് ചിത്രങ്ങളിലും ഒരു ഒറിയ ചിത്രത്തിലും ഉൾപ്പെടെ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

content highlights : Salim Kumar completes 25 years in Cinema Industry