മുംബൈ: ഇമ്പമാര്‍ന്ന ഈണം കൊണ്ട് ഒരുപോലെ ബംഗാളിന്റെയും മലയാളത്തിന്റെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വിഖ്യാത സംഗീത സംവിധായകന്‍ സലീല്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി (72) അന്തരിച്ചു. ഇക്കഴിഞ്ഞ ജനവരി മുതല്‍ കാന്‍സറിന് ചികിത്സയിലായിരുന്നു.
ബംഗാളി, ഹിന്ദി എന്നിവയ്ക്ക് പുറമെ മലയാളത്തിലും ആലാപനം കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സബിത. ഭര്‍ത്താവിന്റെ ഈണത്തില്‍ അവര്‍ പാടിയ എട്ട് മലയാള ചലച്ചിത്ര ഗാനങ്ങളും നിത്യഹരിതങ്ങളാണ്.
തോമാഗ്ലീഹയില്‍ യേശുദാസിനൊപ്പം വൃശ്ചികപ്പെണ്ണേ, മദനോത്സവത്തില്‍ യേശുദാസിനൊപ്പം മേലേ പൂമല, നീ മായും നിലാവോ, ഏതോ ഒരു സ്വപ്‌നത്തില്‍ ഒരു മുഖം മാത്രം, ഈ ഗാനം മറക്കുമോയില്‍ യേശുദാസിനൊപ്പം രാക്കുയിലേ ഉറങ്ങൂ എന്നിവയാണ് ഈ ഗാനങ്ങള്‍.
സബിത ചൗധരിയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
സലീല്‍ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയാണ് സബിത. അന്തര, സഞ്ചാരി, സഞ്‌ജോയ് ചൗധരി, ബോബി ചൗധരി എന്നിവരാണ് മക്കള്‍. എന്നു സ്വന്തം ജാനകിക്കുട്ടി എന്ന മലയാള ചിത്രത്തിലൂടെ അച്ഛന്റെ പാതയില്‍ സംഗീതസംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് സഞ്‌ജോയ് ചൗധരി. ഇങ്ങിനെയൊരു നിലാപക്ഷി, രാസലീല എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് കൂടി സംഗീതം നല്‍കി.