ഹൃദയങ്ങളും ബന്ധങ്ങളും തകര്‍ക്കുന്ന ക്രൂരമായ വാര്‍ത്തകള്‍ക്ക് ഇരയായി- സലാം ബാപ്പു


മോഹൻലാലിനൊപ്പം സലാം ബാപ്പു

റെഡ് വൈന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തയ്‌ക്കെതിരേ സംവിധായകന്‍ സലാം ബാപ്പു. നടന്‍ മോഹന്‍ലാല്‍ ആണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്ന് സംവിധാകന്‍ വെളിപ്പെടുത്തി എന്ന തരത്തിലായിരുന്നു വാര്‍ത്ത. താന്‍ ഒരു അഭിമുഖത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മോഹന്‍ലാലിനെ പ്രശംസിച്ച് പറഞ്ഞതെല്ലാം മോശമായി വളച്ചൊടിച്ചുവെന്നും സലാം ബാപ്പു പറയുന്നു

സലാം ബാപ്പുവിന്റെ കുറിപ്പ്

സോഷ്യല്‍ മീഡിയയും നവ മാധ്യമങ്ങളുമൊക്കെ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നറിയാം. അവനവനു നേര്‍ക്ക് വരുമ്പോള്‍ മാത്രമാണു അതിന്റെ ഭീകരത എന്തെന്ന് ബോധ്യമാവൂ, ഒടുവില്‍ എന്നെത്തേടിയും അത് വന്നിരിക്കുന്നു. ഹൃദയങ്ങള്‍ തകര്‍ക്കുന്ന, ബന്ധങ്ങള്‍ തകര്‍ക്കുന്ന ക്രൂരമായ വാര്‍ത്താ വിനോദങ്ങള്‍ക്ക് ഈയുള്ളവനും ഇരയായിരിക്കുന്നു. ഒരാള്‍ കൊടുത്താല്‍ ജേര്‍ണ്ണലിസ്റ്റ് എത്തിക്‌സ് ഒന്നും നോക്കാതെ എല്ലാവരും കൊടുക്കുന്ന പുതിയ മാധ്യമ സംസ്‌ക്കാരം പല ജീവിതങ്ങളും തകര്‍ക്കുന്നുണ്ട്. കാര്യത്തിലേക്ക് വരാം.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത കണ്ടു, 'സിനിമയുടെ പരാജയ കാരണം മോഹന്‍ലാല്‍'- സലാം ബാപ്പു. സ്‌ക്രോള്‍ ചെയ്തപ്പോള്‍ വേറെയും തലക്കെട്ടുകള്‍ 'തിരക്കഥ തിരുത്താന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല', റെഡ് വൈന്‍ പരാജയ കാരണം വെളുപ്പെടുത്തി സംവിധായകന്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ന്യൂസ് എവിടുന്നാണ് ? ഇങ്ങിനെ ഒരു അഭിമുഖം ഞാനാര്‍ക്കും കൊടുത്തിട്ടില്ലല്ലോ! ആദ്യം അവഗണിച്ചെങ്കിലും വിശ്വസനീയമായ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ വല്ലാത്ത വിഷമം തോന്നി, ഒരു വാര്‍ത്തയില്‍ കണ്ടു, മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് ഞാന്‍ നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങിനെ പറഞ്ഞതെന്ന്, ഞാന്‍ അത്ഭുതപ്പെട്ടു, അങ്ങിനെ ഒരു ചാനലിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടേയില്ല! നല്‍കാത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍..! ഹോ... എന്തൊരു ഭീകരതയാണിത്..!
അവരുടെ യൂട്യൂബ് ചാനലില്‍ കയറി നോക്കി, സംഗതി സത്യമാണ്, ദേ കിടക്കുന്നു 4 മിനിറ്റ് മുന്‍പ് അപ്ലോഡ് ചെയ്ത വാര്‍ത്ത, ഹെഡിങ് നോക്കി, 'തിരക്കഥ മാറ്റാന്‍ മോഹന്‍ ലാല്‍ സമ്മതിച്ചില്ല, അതോടെ പടം പൊട്ടി'.

അഭിമുഖത്തില്‍ ഞാന്‍ തന്നെയാണ്, എന്നാല്‍ റെഡ് വൈന്‍ ഇറങ്ങി കുറച്ചു നാള്‍ കഴിഞ്ഞ് ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ ആണത്, അതും വേറൊരു ചാനലിന്, അതാണിപ്പോള്‍ മാസ്റ്റര്‍ ബിന്‍ വാട്ടര്‍ മാര്‍ക്കൊക്കെയിട്ട് പുതിയ ഇന്റര്‍വ്യൂ ആയി അവതരിപ്പിച്ചിരിക്കുന്നത്, അത് മുഴുവന്‍ കണ്ടു, പടത്തിന്റെ പരാജയത്തെ പറ്റി ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല, ലാല്‍ സാര്‍ കഥാപാത്രത്തിന്റെ വലുപ്പം നോക്കാതെ അഭിനയിച്ചുവെന്നും എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യമല്ല സിനിമയാണ് വലുതെന്നും ലാലേട്ടന്‍ പറഞ്ഞു എന്നാണ് ഞാന്‍ 9 വര്‍ഷം മുന്‍പ് ഞാന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, ലാല്‍ സാറിന്റെ മഹാമസ്‌കതയെ അഭിനന്ദിച്ചത് വളച്ചൊടിച്ച് നെഗറ്റീവായി അവതരിപ്പിച്ചിരിക്കുന്നു ചാനലില്‍, പുറകിലോട്ട് പോയപ്പോള്‍ വളരെ പോസറ്റീവ് ആയ തലക്കെട്ടില്‍ 4 വര്‍ഷം മുന്‍പ് ഇതേ ഇന്റര്‍വ്യൂ അവര്‍ തന്നെ നല്‍കിയിട്ടുണ്ട്, അത് അധികമാരും ശ്രദ്ധിച്ചിട്ടുമില്ല, വാര്‍ത്തയായിട്ടുമില്ല. ഇനി ശ്രദ്ധിക്കപ്പെടാന്‍ എന്ത് ചെയ്യണം എന്നവര്‍ ആലോചിച്ചപ്പോള്‍ പണി എനിക്കിട്ടായി. നല്ല റീച്ചും കിട്ടി. ലാല്‍ സാറിനു ആരെങ്കിലും ആ ലിങ്ക് നല്‍കിയാല്‍ അദ്ദേഹം എന്ത് കരുതുമെന്നത് എന്റെ മാത്രം വിഷയമാണല്ലോ..!

ലാല്‍ സാര്‍ എന്റെ ഗുരുതുല്യനാണ്, ചെറുപ്പം മുതല്‍ ഞാന്‍ ആരാധിക്കുന്ന മഹാനടന്‍, അദ്ധേഹത്തിന്റെ മുഖത്ത് ക്യാമറ വെച്ച് എന്റെ സ്വതന്ത്ര സംവിധാന ജീവിതത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു, ഇക്കാര്യം പല ഇന്റവ്യൂകളിലും ഞാന്‍ പറഞ്ഞിട്ടുള്ളതുമാണ്. ലാല്‍ സാര്‍ എത്ര തിരക്കിലാണെങ്കിലും നേരിട്ട് കാണുമ്പോള്‍ കയ്യില്‍ പിടിച്ച് സലാമെ, സുഖമല്ലേ എന്ന് ചോദിക്കുന്ന ഒരു ബന്ധം ഇപ്പോഴും നിലവിലുണ്ട്. കേവലം റീച്ചിനും ലൈക്കിനും വേണ്ടി വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇത്തരം ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്, മനുഷ്യന്മാരെ തമ്മില്‍ അകറ്റാനേ ഇത്തരം വാര്‍ത്തകള്‍ക്ക് സാധിക്കൂ...

മനുഷ്യരെ തമ്മിലകറ്റി പണം നേടുന്നവര്‍ക്ക് എന്ത് മനുഷ്യ ബന്ധങ്ങള്‍..!

ഇതേ മാസ്റ്റര്‍ ബീന്‍ എന്ന ചനലില്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത വന്നു, അതിന്റെ ടൈറ്റില്‍ ഇങ്ങിനെയായിരുന്നു, 'കെട്ടുതാലി പണയം വെച്ച് പ്രൊഡ്യൂസര്‍, മോഹന്‍ലാല്‍ വന്നിട്ടും മുടക്ക് മുതലിന്റെ പകുതി പോലും തിരിച്ചു കിട്ടിയില്ല, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പലരും അയച്ചു തന്നപ്പോള്‍ ഞാന്‍ റെഡ് വൈന്‍ പ്രൊഡ്യൂസര്‍ ഗിരീഷ് ലാല്‍ ചേട്ടനെ വിളിച്ചു, ചേട്ടാ റെഡ് വൈന്‍ ചേട്ടന് ലാഭമുണ്ടാക്കിയ സിനിമയാണല്ലോ പിന്നെന്തിനാണ് നഷ്ടമുണ്ടാക്കി എന്ന് ഇന്റര്‍വ്യൂവില്‍ പറഞ്ഞത്, ലാല്‍ സാറിനെ കുറ്റപ്പെടുത്തി ഇങ്ങനെ നന്ദി ഇല്ലാത്ത ആളാവരുത്, അപ്പോള്‍ ഗിരീഷേട്ടന്‍ പറഞ്ഞത് ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല സലാം, റെഡ് വൈന്‍ എനിക്ക് ലാഭം തന്ന സിനിമയാണ് ടേബിള്‍ പ്രോഫിറ്റ് ആയിരുന്നു എന്നാണ് പറഞ്ഞത്, ഇങ്ങനെ ന്യൂസ് വരുന്നതിന് ഞാനെന്ത് ചെയ്യാനാണ്? സലാം, ഇന്റര്‍വ്യൂ ഒന്ന് കണ്ട് നോക്കൂ.. ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ അഭിമുഖം പൂര്‍ണ്ണമായും കണ്ടു, അദ്ദേഹം പറഞ്ഞത് ശരിയാണ് റെഡ് വൈന്‍ ലാഭമുണ്ടാക്കിയ സിനിമയാണെന്ന് തന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നത്, തലക്കെട്ട് മാത്രം വായിച്ച് കുറ്റപെടുത്തിയതിന് ഞാന്‍ ഗിരീഷേട്ടനെ അപ്പോള്‍ത്തന്നെ വിളിച്ച് സോറി പറഞ്ഞു. എനിക്ക് ഗിരീഷേട്ടനോട് അത്രക്ക് സ്വതന്ത്രമുള്ളതിനാല്‍ വാര്‍ത്ത സത്യമാണോ എന്ന് വിളിച്ചു ചോദിച്ചു, ലാല്‍ സാര്‍ ഈ വാര്‍ത്ത കണ്ടാല്‍ വിളിച്ചു ചോദിക്കണമെന്നില്ല. സലാം അങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന തോന്നല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കിടക്കും...

ഒരു സിനിമ ചെയ്യുമ്പോള്‍ അഭിനേതാക്കള്‍ക്കോ പ്രൊഡ്യൂസര്‍ക്കോ, സംവിധായകനോ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ ആര്‍ക്കെങ്കിലും ഗുണമുണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. റെഡ് വൈന്‍ ലാലേട്ടന്‍, Fahadh Faasil, ആസിഫ്, സുരാജ്, സൈജു, ടി ജി രവി ചേട്ടന്‍, മേഘ്ന രാജ്, അനുശ്രീ, മിയ, മീര നന്ദന്‍ എന്നിവരെ വെച്ച് 4.5 കോടി മുതല്‍ മുടക്കില്‍ 42 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും 5 കോടി രൂപക്ക് ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം വാങ്ങി, റീലാസ് ഈവീന്റ്‌സ് 2.5 കോടിക്ക് മിനിമം ഗ്യാരന്റിക്ക് (നിര്‍മ്മാതാവ് തിരിച്ചു കൊടുക്കാന്‍ ബാധ്യസ്ഥനല്ല, പരസ്യ ചിലവുകളും വിതരണക്കാരന്റെ ഉത്തരവാദിത്തമാണ്) വിതരണത്തിനെടുത്തു,

നൂറോളം തിയറ്ററുകളില്‍ റീലീസ് ചെയ്ത റെഡ് വൈന്‍, നാല് വാരം (28 ദിവസം) ഒരു വിധ പ്രൊമോഷനുകളോ പരസ്യങ്ങളോ ഇല്ലാതെ തന്നെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. Asianet ഏറ്റവും കൂടുതല്‍ പ്രാവശ്യം ടെലികാസ്റ്റ് ചെയ്ത ഒരു സിനിമയും Red Wine തന്നെയാണ്. Amazon Prime Video ലും Dinsey+ Hotstar ലും ഇപ്പോഴും നല്ല വ്യൂവര്‍ഷിപ്പുണ്ട്. മാത്രമല്ല തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഡബ്ബിങ് പതിപ്പുകള്‍ ഇറങ്ങുകയും ചെയ്തു. ഇതെല്ലം ലാല്‍ സാറിന്റെയും ഫഹദിന്റെയും ആസിഫിന്റെയും താര സാന്നിധ്യം കൊണ്ട് തന്നെയാണ് സാധ്യമായത്. ഓരോ വട്ടം കാണുമ്പോഴും ആളുകള്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട് ഈ അഭിനന്ദനങ്ങള്‍ മുന്നോട്ടുള്ള യാത്രക്ക് വലിയ പ്രചോദനം തന്നെയാണ്. എവിടെ പോകുമ്പോഴും റെഡ് വൈന്‍ സംവിധായകന്‍ എന്ന രീതിയില്‍ കിട്ടുന്ന അംഗീകാരങ്ങള്‍ ഞാനാസ്വദിക്കുന്നുമുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നു എന്നുള്ളത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വലിയ വിജയം തന്നെയാണ്.

ഞാന്‍ സ്വതന്ത്രമായി രണ്ട് സിനിമയെ ചെയ്തിട്ടുള്ളൂ, മൂന്നാമത്തെ സിനിമയുടെ പണിപ്പുരയിലുമാണ്, രണ്ട് സിനിമയും നിര്‍മ്മാതാവിന് സാമ്പത്തിക ലാഭം നല്‍കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഒരു സംവിധായകന്‍ എന്ന രീതിയിലുള്ള എന്റെ വിജയം. മംഗ്‌ളീഷ് നിര്‍മ്മാതാവ് ഇപ്പോള്‍ വിളിച്ചാലും പറയും മംഗ്‌ളീഷാണ് എനിക്ക് സാമ്പത്തികമായി ഏറ്റവും ഗുണം ചെയ്തിട്ടുള്ള സിനിമയെന്ന്... ഒരു നിര്‍മ്മാതാവിന്റെ ജീവിത കാലത്തെ സമ്പാദ്യം നമ്മളെ വിശ്വസിച്ചാണല്ലോ ഇറക്കുന്നത്, അത് തിരിച്ചു നല്‍കാന്‍ സാധിച്ചാല്‍ അത് തന്നെയാണ് വലിയ പുണ്യം. ഒരു പ്രൊഡ്യൂസറേയും കുത്തുപാള എടുപ്പിച്ചില്ല എന്ന ചാരിതാര്‍ഥ്യമുണ്ടെനിക്ക്.

Manglish ന് ശേഷം എല്ലാം സെറ്റായി ഒരു പാട് സിനിമകള്‍ എനിക്ക് ലഭിച്ചതാണ്, എന്നാല്‍ പൂര്‍ണ്ണ തൃപ്തി ലഭിക്കാത്തതിനാല്‍ ഉപേക്ഷിക്കുകയാണുണ്ടായത്, തൃപ്തിയില്ലാത്ത സിനിമക്ക് അഡ്വാന്‍സും വാങ്ങി വീട്ടില്‍ ഉറക്കമില്ലാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുമ്പോള്‍ എന്റെ ഭാര്യ പറയും നാളെ പ്രൊഡ്യൂസറെ വിളിച്ച് ആ അഡ്വാന്‍സ് തിരിച്ചു കൊടുത്തേക്ക് എന്ന്... നിരന്തരം സിനിമ പടച്ചു വിടുന്നതിലല്ല കാമ്പുള്ള ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. അതിനുള്ള ശ്രമത്തിലുമാണ്. സിനിമ ചെയ്യുക എന്നത് എന്റെ വ്യക്തി പരമായ കാര്യമാണു. എനിക്കിഷ്ടമുള്ള സിനിമ ചെയ്യുക എന്നത് മാത്രമാണെന്റെ സ്വപ്നം. എല്ലാ ഘടകങ്ങളും ഒത്ത് വരുമ്പോള്‍ എനിക്കിഷ്ടപ്പെട്ട സിനിമയുമായി ഞാന്‍ വരും. ഇത്ര എണ്ണം സിനിമകള്‍ ചെയ്യാമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു നല്ല സിനിമ ഒരായിരം മോശം സിനിമകളേക്കാള്‍ നമുക്ക് വേണ്ടി സംസാരിക്കും, അത് കാലാതിവര്‍ത്തിയാവുകയും ചെയ്യും.

പല ഓണ്‍ലൈന്‍ ചാനലുകളിലും ഒരു സിനിമക്ക് വേണ്ടി ഒരുമിച്ചു നിന്ന് ശ്രമിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം ചെളി വാരി എറിയുന്നത് കാണുമ്പോള്‍ ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന് പുച്ഛത്തോടെ നോക്കിയിട്ടുണ്ട്, സമാനമായ ഒരു വാര്‍ത്ത ഓണ്‍ലൈനില്‍ വന്നപ്പോള്‍ എനിക്ക് വല്ലാത്ത നാണക്കേട് തോന്നി, ഞാനും ഒരു ജേര്‍ണലിസ്റ്റായിരുന്നു, ജേര്‍ണലിസം പഠിച്ചിട്ടുമുണ്ട്. അത് വിട്ടാണ് സിനിമയില്‍ വന്നത്, അതിനാല്‍ ഇതല്ല പത്രപ്രവര്‍ത്തനം എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ആരായാലും ഇത്രയ്ക്ക് അധപ്പതിക്കരുത്... എന്തും വില്‍ക്കാനുള്ളതല്ല എന്ന് തിരിച്ചറിയുക... ആരുടെയെങ്കിലും ജീവിതം വച്ചുള്ള ഈ കളി വേണോ എന്ന് ആലോചിക്കുക... സിനിമ കൊണ്ട് സമൂഹത്തോട് സംസാരിക്കുക, കലഹിക്കുക എന്നാഗ്രഹിക്കുമ്പോഴും ഇത്തരം അനുഭവങ്ങള്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു...


Content Highlights: Salam Bappu against fake news, Mohanlal, Red wine film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented