ണിരത്‌നത്തിന്റെ പുതിയ ചിത്രത്തിൽ നിന്ന് പ്രേമം ഫെയിം സായി പല്ലവി ഒഴിഞ്ഞു. തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന സിനിമയില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് സായി പല്ലവിയെയായിരുന്നു. എന്നാല്‍, ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരുന്നതല്ലെന്ന് കണ്ട് സായിപല്ലവി സ്വയം ഒഴിയുകയായിരുന്നു എന്നാണ് സൂചന. സായി പിന്മാറിയ സാഹചര്യത്തില്‍ പുതിയ നായികയ്ക്കായുള്ള തിരച്ചിലിലാണ് മണിരത്‌നം. കേരളത്തില്‍ എന്ന പോലെ തന്നെ തമിഴ്‌നാട്ടിലും ഏറെ ആരാധകരുള്ള സായി പല്ലവി മണിരത്‌നം സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ ഉളവാക്കിയിരുന്നു. 

മണിരത്‌നം മനസ്സില്‍ കണ്ട കഥാപാത്രത്തിന് കുറച്ചുകൂടി പ്രായവും പക്വതയും വേണമെന്നാണ് സായി കരുതുന്നത്. ഇക്കാരണത്താലാണ് സിനിമയില്‍നിന്ന് പിന്മാറിയത്. ആദ്യം സിനിമയില്‍ അഭിനയിക്കുന്നതിനായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും ഒത്തുതീർപ്പിൽ എത്തുകയായിരുന്നു.

ഓകെ കണ്‍മണിയായിരുന്നു മണിരത്‌നത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെടുകയും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുകയും ചെയ്തിരുന്നു.

സമീര്‍ താഹിര്‍ ചിത്രം കലിയാണ് സായി പല്ലവിയുടേതായി പുറത്തു വന്ന ഏറ്റവും പുതിയ സിനിമ. ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കലിയില്‍ സായിയുടെ നായകനായി എത്തിയത് ദുല്‍ഖര്‍ സല്‍മാനായിരുന്നു.