ട്വീറ്റ് വിവാദത്തില്‍ ബാഡ്മിന്റണ്‍ താരം സൈനാ നേവാളിനോട് മാപ്പുചോദിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് രണ്ട് ദിവസം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. താനെഴുതിയ മോശം തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നു എന്നുപറഞ്ഞാണ് സിദ്ധാര്‍ത്ഥ് കുറിപ്പ് തുടങ്ങുന്നത്.

നിരവധി പേര്‍ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ തടഞ്ഞസംഭവത്തില്‍ സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികള്‍ നടത്തിയ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കുന്നുവെന്നും അവര്‍ എഴുതിയിരുന്നു.

ഈ ട്വീറ്റിന് സിദ്ധാര്‍ത്ഥ് കുറിച്ച മറുപടിയിലെ ഒരു വാക്കാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 

വ്യാപകമായ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് സിദ്ധാര്‍ത്ഥിനെതിരെ ഉയര്‍ന്നുവന്നത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ, നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍, ബാഡ്മിന്റണ്‍ താരവും സൈനയുടെ ഭര്‍ത്താവുമായ പി. കശ്യപ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായെത്തി. വനിതാ കമ്മീഷന്‍ സിദ്ധാര്‍ത്ഥിനെതിരെ സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlights: saina nehwal, actor sidharth, tweet controversy