സെെജു കുറുപ്പ് | Photo: സിദ്ദീഖുൾ അക്ബർ
ഹരിഹരൻ്റെ മയൂഖം എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തി വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകൻ്റെ മനം കവർന്ന സൈജു കുറുപ്പ് ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനായി എത്തുന്നത്.
പേരിട്ടിട്ടില്ലാത്ത ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. കളിമണ്ണ്, മ്യാവു ,എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണിത്. ജിബു ജേക്കബ്ബിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയായിരുന്നു സിൻ്റോ സണ്ണി.
നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ അവതരണം. ഒരു സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ചില കഥാപാത്രങ്ങൾ ഒരു അഭിനേതാവിൻ്റെ ജീവിതത്തിൽ പലപ്പോഴും വലിയ വഴിത്തിരിവിന് ഇടയാക്കുന്നുണ്ട്. അത് വെള്ളിമൂങ്ങയിൽ ബിജു മേനോനിൽ കാണാനിടവന്നു.വെള്ളിമൂങ്ങ എന്ന ചിത്രത്തിൻ്റെ ക്ലാസ്, തൻ്റെ ജീവിതത്തേയും ഏറെ സ്വാധീനിച്ചു - സിൻ്റോസണ്ണി പറഞ്ഞു.
സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ഈ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കുട്ടുകെട്ടാണ് ഔസേപ്പച്ചൻ-എം.ജി.ശ്രീകുമാർ-സുജാത ടീമിൻ്റേത്. ഈ കോമ്പിനേഷൻ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസൻ ,വൈക്കം വിജയലഷ്മി, ഫ്രാങ്കോ ,അമൽ ആൻ്റണി, സിജോസണ്ണി എന്നിവരും ഗായകരായുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.
ദർശന (സോളമൻ്റെ തേനീച്ചകൾ ഫെയിം) യാണ് നായിക. ഷമ്മി തിലകൻ, ജഗദീഷ്, ജോണി ആൻ്റണി ,കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം കടത്തൽക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായരും എഡിറ്റിംഗ് രതിൻ രാധാകൃഷ്ണനും നിർവ്വഹിക്കുന്നു.
കലാസംവിധാനം - വിനോദ് പട്ടണക്കാടൻ. മേക്കപ്പ് മനോജ്& കിരൺ. കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം - അനീഷ് സുഗതൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -- ബോബി സത്യശീലൻ. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പി.ആർ.ഒ- വാഴൂർ ജോസ്
Content Highlights: Saiju Kurup, Sinto Sunny, Malayalam Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..