ഭാര്യ കരീന കപൂറിനും മകന്‍ തൈമൂറിനുമൊപ്പം മുംബൈയിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. എന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നതിനെ കുറിച്ചല്ല, ഡല്‍ഹിയില്‍ താമസിക്കുന്ന തന്റെ അമ്മ ഷര്‍മിള ടഗോറിനെ കുറിച്ചാണ് തനിക്ക് ആധി എന്ന് വെളിപ്പെട്ടുത്തുകയാണ് സെയ്ഫ്.

മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ ഷര്‍മിളയെക്കുറിച്ചും സഹോദരി സാബയെകുറിച്ചുമുള്ള തന്റെ ആകുലതകള്‍ സെയ്ഫ് പങ്കുവച്ചത് . 

'എനിക്ക് അമ്മയുടെ കാര്യമോര്‍ത്ത് എന്നും ആശങ്കയാണ്. പക്ഷേ, ഇപ്പോള്‍ പെട്ടന്നാണ് അമ്മ വളരെ ബൗദ്ധികമായി സംസാരിക്കാന്‍ തുടങ്ങിയത്. തനിക്ക് എല്ലാം തികഞ്ഞ പരിപൂര്‍ണമായ ജീവിതമാണ് ലഭിച്ചതെന്നും ഒന്നിനെക്കുറിച്ചും പശ്ചാത്താപം ഇല്ലെന്നുമൊക്കെയാണ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് തന്നെ പേടിപ്പെടുത്തുന്നതാണ്. സെയ്ഫ് പറയുന്നു.

രണ്ട് സഹോദരിമാരെക്കുറിച്ചും സെയ്ഫ് മനസ് തുറന്നു. 'എന്റെ സഹോദരി സാബ ഞാനുമായി പിണക്കത്തിലാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് മുന്‍കൂട്ടി ഞങ്ങള്‍ക്ക് അറിയാമെന്നും അവളില്‍ നിന്ന് ഞങ്ങള്‍ അതെല്ലാം മറച്ചുവച്ചുവെന്നുമെല്ലാമാണ് അവള്‍ വിശ്വസിക്കുന്നത്. എന്റെ മറ്റൊരു സഹോദരി സോഹയെയും എനിക്കിപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ട്. 

പത്തൊന്‍പതാം നൂറ്റാണ്ടിലെ കപ്പല്‍ യാത്ര പോലെയാണ് ലോക്ക്ഡൗണ്‍ അനുഭവമെന്ന് പറയുന്ന സെയ്ഫ് അടുത്തില്ലെങ്കിലും വ്യക്തികളെ ഒന്നിപ്പിക്കുന്ന ടെക്‌നോളജിക്ക് നന്ദിയും പറയുന്നു

Content Highlights : Saif Ali Khan says mom Sharmila Tagore’s lockdown attitude scares him Amidst Lockdown