ബോളിവുഡിലെ പ്രശസ്ത താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്. അമ്മ ശര്‍മിള ടാഗോര്‍ ഒരു കാലത്ത് ഹിന്ദി സിനിമയിലെ മുന്‍നിര നായികയായിരുന്നു. പിതാവ് മൻസൂര്‍ അലിഖാന്‍ പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റ് താരവും. മുന്‍ഭാര്യ അമൃത സിങ്ങും മകള്‍ സാറാ അലിഖാനും നടിമാര്‍. സഹോദരി സോഹയും അതെ. കൂടാതെ സെയ്ഫ് അലിഖാന്റെ ഭാര്യ കരീന കപൂര്‍ പ്രശസ്ത സിനിമാതാരവും കപൂര്‍ കുടുംബത്തിലെ അംഗവുമാണ്. കരീനയും സെയ്ഫും സിനിമയില്‍ സജീവമാണ്. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇരുവരുമുണ്ട്. പരസ്യചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനവും വേറെ.

സിനിമയില്‍ എത്തുന്നതിന് മുന്‍പുതന്നെ വളരെ സമ്പന്നമായ പശ്ചാത്തലത്തിലാണ് സെയ്ഫ് വളര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബത്തിലെ അംഗമാണ് പിതാവ് മൻസൂർ അലിഖാന്‍ പട്ടൗഡി. പട്ടൗഡി കുടുംബത്തിന്റെ കൊട്ടാരവും മറ്റ് സ്വത്തുവകകളും എല്ലാംകൂടി കണക്കാക്കിയാല്‍ ഏകദേശം 5000 കോടിയോളം വിലമതിക്കും. എന്നാല്‍ അതില്‍ നിന്ന് ഒരു രൂപപോലുംഅനന്തരാവകാശികള്‍ക്ക്‌  കൈമാറാന്‍ സെയ്ഫ് അലിഖാന് അധികാരമില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. 

പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968 ലെ എനിമി പ്രോപ്പര്‍ട്ടി ആക്ടിനു കീഴിലാണ് വരുന്നത്. 1965 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമാണ് ഈ ആക്ട് പാസാക്കിയത്. പാകിസ്താന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അധികാരം നല്‍കുന്നതാണ് ഈ നിയമം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പട്ടൗഡി രാജകുടുംബാംഗങ്ങളില്‍ ചിലര്‍ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചു. ഇന്നവരില്‍ പലരും പാകിസ്താന്റെ വിവിധഭാഗങ്ങളിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ കോടികള്‍ മൂല്യമുള്ള കുടുംബസ്വത്തില്‍ അവകാശം നേടുന്നതിന് നിലവില്‍ ഇന്ത്യയിലുള്ള കുടുംബാംഗങ്ങള്‍ക്ക് എനിമി പ്രോപ്പര്‍ട്ടി ആക്ട് തടസമാണ്. 

സെയ്ഫ് അലി ഖാന്റെ മുതുമുത്തച്ഛന്‍ ഹമീദുള്ള ഖാന്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഭോപ്പാലിലെ അവസാന നവാബായിരുന്നു. തന്റെ സ്വത്തുക്കളുടെ അവകാശികളെ നിശ്ചയിക്കുന്ന വില്‍പത്രം തയ്യാറാക്കിവയ്ക്കാതെയാണ് അദ്ദേഹം മരിച്ചത്. സ്വത്തിനുള്ള അവകാശം നേടിയെടുക്കാന്‍ നിയമപരമായി നീങ്ങിയാലും അത് കുടുംബാംഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കത്തില്‍ കലാശിക്കും. മാത്രവുമല്ല സ്വത്തുകളുടെ അവകാശം ലഭിക്കുന്നതിന് നിയമത്തിന്റെ നൂലാമാലകള്‍ ഏറെയാണ്. എനിമി പ്രോപ്പര്‍ട്ടി ആക്ടിനെ വെല്ലുവിളിച്ച് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചാലും വധി അനുകൂലമാകാന്‍ നിമയക്കുരുക്കുകള്‍ ഏറെയാണ്. ചുരുക്കത്തില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും പട്ടൗഡി കുടുംബങ്ങള്‍ സമവായത്തില്‍ എത്തിയില്ല എങ്കില്‍ കോടിക്കണക്കിന് മൂല്യമുള്ള പൈതൃക സ്വത്തുക്കള്‍ക്ക് അവകാശികളില്ലാതെ തുടരും. 

Content Highlights: Saif Ali Khan’s 5000 Crore Property Won’t Be Inherited To Sara Ali Khan, Taimur Ali and ibrahim Khan, here is why