സുശാന്ത് സിങ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതചർച്ചകൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ നടൻ സെയ്ഫ് അലി ഖാനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്. താനും സ്വജനപക്ഷപാതത്തിനിരയാണെന്നും ആരും തന്നെക്കുറിച്ച് സംസാരിച്ചു കണ്ടില്ലെന്നും നടൻ പറയുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങുന്ന പുതിയ തലമുറയും ബോളിവുഡിലുണ്ടെന്നും അവരും സജീവമായി തന്നെയുണ്ടെന്നും സെയ്ഫ് പറയുന്നു.

മുൻകാല നടി ഷർമ്മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും മകനാണ് സെയ്ഫ് അലി ഖാൻ. സുശാന്തിനൊപ്പം ദിൽ ബേചാരാ എന്ന പുതിയ ചിത്രത്തിൽ സെയ്ഫ് വേഷമിട്ടിരുന്നു. സുശാന്ത് തന്നേക്കാളുമൊക്കെ വളരെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും കാണാനും സുന്ദരനായിരുന്നുവെന്നും നല്ല ഭാവിയുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. അഭിനയത്തേക്കാളുപരി തത്വചിന്ത, വാനനിരീക്ഷണം തുടങ്ങിയവയിലും തത്‌പരനായിരുന്നു സുശാന്തെന്നും സെയ്ഫ് പ്രതികരിച്ചു. ജൂലൈ 24നാണ് ദിൽ ബേചാരയുടെ റിലീസ്.

നടി കങ്കണ റണാവത്ത്, വിവേക് ഒബ്റോയി തുടങ്ങിയ താരങ്ങൾ  ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരേ ശബ്ദമുയർത്തി രം​ഗത്ത് വന്നിരുന്നു. മുമ്പ് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കരൺ ജോഹറും കങ്കണയും ഇതെചൊല്ലി വാ​ഗ്വാദമുണ്ടായിട്ടുണ്ട്. 

സുശാന്ത് സിങിന്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡിൽ വീണ്ടും സ്വജനപക്ഷപാതചർച്ചകൾ ചൂടുപിടിച്ചത്. സൽമാൻ ഖാൻ, കരൺ ജോഹർ, നടിമാരായ ആലിയ ഭട്ട്, സോനം കപൂർ തുടങ്ങിയവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നു. ഇവർക്കെതിരെ വിമർശനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

Content Highlights :saif ali khan on nepotism comments trolls sushant singh rajput death kangana ranaut karan johar coffee with karan