പ്രഭാസ്, സെയ്ഫ് അലിഖാൻ| Photo: https:||www.instagram.com|p|CHLZF99B6h9|
രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിൽ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. പ്രഭാസാണ് ചിത്രത്തിലെ നായകൻ. താൻ അവതരിപ്പിക്കുന്ന രാവണനോട് ചിത്രത്തിനുള്ള സമീപനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
രാവണനെ മാനുഷികമായ കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്‍ഫ് പറഞ്ഞത്. ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് വളരെ കൗതുകമുള്ള സംഗതിയാണ്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ മറ്റൊരു കാഴ്ചപ്പാടിലൂടെ ചിത്രത്തിൽ അവതരിപ്പിക്കും. രാവണൻറെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്‍മണൻ ഛേദിച്ചതല്ലേ- സെയ്‍ഫ് ചോദിക്കുന്നു.
#WakeUpOmraut , #BoycottAdipurush എന്ന ഹാഷ്ടാഗുകളോടെയാണ് സെയ്ഫിനെതിരേയുള്ള പ്രതിഷേധം ഇവർ പ്രകടിപ്പിക്കുന്നത്. ചിത്രത്തിൽ സെയ്ഫിന് പകരം റാണ ദഗ്ഗുബാട്ടി, യഷ് തുടങ്ങിയ തെന്നിന്ത്യൻ നടൻമാരെ പരിഗണിക്കണമെന്നും ഇവർ പറയുന്നു.
ത്രിഡി രൂപത്തിൽ ഒരുക്കുന്ന ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ ഭാഷകൾക്കുപുറമേ വിദേശ ഭാഷകളിലും ആദിപുരുഷ് ഡബ് ചെയ്യും. ടി സീരീസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പ്രീ പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. 2022-ൽ റിലീസിനായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഇന്ത്യൻ ഇതിഹാസ കഥ അതിമനോഹരമായ വിഷ്വലുകളിലൂടെ അനുഭവിച്ചറിയാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രമെന്ന് നിർമാതാവ് ഭൂഷൺ കുമാർ അഭിപ്രായപ്പെട്ടു.
Content Highlights: Saif Ali Khan boycott calls escalate after his remark on Ravana Adipurush Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..