saif ali khan
രാവണനെ കുറിച്ചുള്ള പ്രസ്താവനയിൽ മാപ്പുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. ഓം റാവത്തിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആദിപുരുഷുമായി' ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവനയിലാണ് താരം മാപ്പ് പറഞ്ഞത്.
ആദിപുരുഷിൽ രാവണന്റെ വേഷം അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. അസുര രാജാവായ രാവണനെ മാനുഷികമായി സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നും ഒരു അസുര രാജാവിനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നുമാണ് സെയ്ഫ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
"ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് വളരെ കൗതുകമുള്ള കാര്യമാണ്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. രാവണന്റെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ ഛേദിച്ചതിന് പ്രതികാരമായല്ലേ അദ്ദേഹം സീതയെ തട്ടിക്കൊണ്ടുപോയതും രാമനുമായി യുദ്ധം ചെയ്തതും..അത് ന്യായീകരിക്കപ്പെടും" എന്നായിരുന്നു സെയ്ഫിന്റെ പ്രസ്താവന. ഇതിനെ തുടർന്ന് സെയ്ഫിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ട്വിറ്ററിൽ ശക്തമായി. തുടർന്നാണ് സെയ്ഫ് ക്ഷമ ചോദിച്ചത്.
"ഒരു അഭിമുഖത്തിനിടെ ഞാൻ നൽകിയ പ്രസ്താവന വിവാദത്തിന് കാരണമായെന്നും അത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മനസിലാക്കുന്നു. അത് ഞാൻ മനഃപൂർവം ചെയ്തതല്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിച്ച് എന്റെ പ്രസ്താവന ഞാൻ പിൻവലിക്കുകയാണ്. രാമൻ എന്നും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും ധീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവും വരുത്താതെ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.."സെയ്ഫ് വ്യക്തമാക്കി
ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷിൽ പ്രഭാസാണ് രാമന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രം 2022 ആഗസ്റ്റ് 11 ന് തിയ്യറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
Content Highlights : Saif Ali Khan apologises for comments on Ram And Ravan Adipurush Movie Controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..