നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ലഹരി മരുന്ന് കേസ്. ബോളിവുഡിലെ പ്രമുഖ താരങ്ങളുൾപ്പടെ പലരും കണ്ണികളായ ലഹരി മരുന്ന് കേസിൽ നടി സാറ അലി ഖാന്റെ പേരും ഉയർന്നു വന്നിരുന്നു. ഇവരെ എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു, 

ഇതിന് പിന്നാലെ സാറയെ ഇക്കാര്യത്തിൽ സഹായിക്കില്ലെന്ന് സെയ്ഫ് നിലപാടെടുത്തതായും വാർത്തകൾ പ്രചരിച്ചു. സെയ്ഫിന്റെ മുൻഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ഇക്കാര്യത്തിൽ സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. 

അതിന് പിന്നാലെ ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡൽഹിയിലേക്ക് പറക്കുകയും ചെയ്തിരുന്നു സെയ്ഫ്.എന്നാൽ ഈ അഭ്യൂഹങ്ങൾക്കിടയിൽ സെയ്ഫ് ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. മക്കളുമായുള്ള ബന്ധത്തെക്കുറിച്ചാണ് സെയ്ഫ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. 

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സെയ്ഫ് കരീന ദമ്പതിമാർ. ഇതുകൂടാതെ ആ​ദ്യ ഭാ​ര്യ അമൃതയിൽ സെയ്ഫിന് രണ്ട് മക്കളാണുള്ളത്. മൂത്ത മക്കളായ സാറയ്ക്കും ഇബ്രാഹിനും നൽകുന്നതിലുമേറെ സമയവും കരുതലും ഇളവനായ തൈമൂറിന് നൽകുന്നതിൽ കുറ്റബോധം തോന്നുന്നില്ലേ എന്ന ചോദ്യത്തിന് സെയ്ഫ് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

"ഞാനെല്ലായ്പ്പോഴും അവർക്കൊപ്പമുണ്ട്. ഞാനെന്റെ മൂന്ന് മക്കളെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. തൈമൂറിനൊപ്പമാണ് ഞാൻ കൂടുതൽ സമയം ചിലവഴിക്കുന്നത് എന്നത് സത്യമാണ്. പക്ഷേ ഞാനെന്റെ മൂത്ത മകൻ ഇബ്രാഹിമുമായും മകൾ സാറയുമായും ഏറെ അടുപ്പത്തിൽ തന്നെയാണ്. എന്റെ മൂന്ന് മക്കൾക്കും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. സാറയുമായി ഞാനെന്തെങ്കിലും കാര്യത്തിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിൽ തൈമൂറിന് എന്റെ മനസ് ശാന്തമാക്കാനാവില്ല. ഓരോ തവണയും നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോഴും നിങ്ങൾ നിങ്ങളുടെ ഹൃദയവും പങ്കുവയ്ക്കുന്നു. മാത്രമല്ല അവരോരുത്തരും ഓരോ പ്രായക്കാരാണ്. എന്റെ ഓരോ മക്കളുമായും ഓരോ തരത്തിലുള്ള ബന്ധമാണ്  വേണ്ടതെന്ന് ഞാൻ കരുതുന്നു. സാറയും ഇബ്രാഹിമുമായും എനിക്ക് ഫോണിൽ ദീർഘ നേരം സംസാരിക്കാനും പുറത്ത് പോയി ഡിന്നർ കഴിക്കുകയും ചെയ്യാം. പക്ഷേ തൈമൂറിനൊപ്പം അതിനാവില്ലല്ലോ..". സെയ്ഫ് പറയുന്നു. 

സാറയുമായി സെയ്ഫിന് പ്രശ്നങ്ങൾ ഉണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഈ അഭിമുഖം എന്നത് ശ്രദ്ധേയമാണ്. അമ്മ അമൃതയ്ക്കൊപ്പമാണ് സാറയും ഇബ്രാഹിമും താമസിക്കുന്നത്. 

Content highlights : Saif Ali Khan About Kids Sara ibrahim And Taimur