"നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം നല്‍കിയിട്ടുണ്ടെങ്കില്‍, ജീവിതം കൂടുതല്‍ മെച്ചപ്പെട്ട ഒന്ന് നല്‍കി നിങ്ങളെ അനുഗ്രഹിക്കും..." പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെയെല്ലാം ഹൃദയത്തില്‍ ചേക്കേറിയ മലര്‍ മിസ്, നടി സായി പല്ലവി തന്റെ ട്വിറ്ററില്‍ കുറിച്ച വരികളാണിത്. 

മാരി 2 എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈ എ.വി.എം സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ നൃത്തസംവിധായകനായ പ്രഭുദേവയ്ക്കൊപ്പം നിന്ന് പകര്‍ത്തിയ ചിത്രത്തോടൊപ്പമാണ് സായി പല്ലവിയുടെ പോസ്റ്റ്. 

പത്തു വര്‍ഷം മുന്‍പത്തെ ഒരു ഫ്ലാഷ്​ബാക്കിലേക്കാണ് സായിയുടെ പോസ്റ്റ് ആരാധകരെ കൂട്ടിക്കൊണ്ടുപോകുന്നത്. അന്ന് ഇതേ എ.വി.എം സ്റ്റുഡിയോയിലേക്ക് സായിപല്ലവി എന്ന പതിനൊന്നാം ക്ലാസുകാരി എത്തിയത് വലിയൊരു മോഹവുമായാണ്. ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ എന്ന റിയാലിറ്റി ഷോയുടെ സെമി ഫൈനലില്‍ പങ്കെടുക്കുന്നതിനായാണ്. പക്ഷേ, അന്ന് പരാജയപ്പെട്ട് മടങ്ങാനായിരുന്നു സായിയുടെ നിയോഗം. 

ഇന്ന് പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ എ.വി.എം സ്റ്റുഡിയോയില്‍ സായി എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ ആരാധകരെ കയ്യിലെടുത്ത നടിയായിട്ടാണ്, സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ നായികയാണ്. അന്നേരം പ്രഭുദേവയും കൂടെയുണ്ടായത് തികച്ചും യാദൃശ്ചികം. അന്ന് തന്റെ പേരിലുള്ള റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തി പരാജയപ്പെട്ട് മടങ്ങിയ പെണ്‍കുട്ടിക്കായി നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തുക എന്നതായിരുന്നു പ്രഭുദേവയ്ക്കുള്ള നിയോഗം.  

sai

ധനുഷും സായിയും കൂടി ആടിപ്പാടിയ റൗഡി ബേബി എന്ന ഗാനം വൈറലായിക്കൊണ്ടിരിക്കുകയാണ്. ധനുഷിനെ കടത്തിവെട്ടുന്ന നൃത്തമാണ് സായിയുടേതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. 

Content Highlights : Sai Pallavi Twitter Maari 2 Dhanush Sai Pallavi PrabhuDeva Rowdy Baby Song  Sai At AVM Studio