പ്രേമത്തിലെ മലര്‍ ടീച്ചറായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സായി പല്ലവി. തമിഴ്‌നാട് സ്വദേശിയാണെങ്കിലും സായിയുടെ ആരാധകരില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെ. 

പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനോടൊപ്പം കലിയില്‍ വേഷമിട്ട സായി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ്. തെലുങ്ക് ചിത്രമായ ഫിദയിലൂടെ. ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ തേജാണ് നായകന്‍. സായിയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ തരംഗമായി. ഇപ്പോഴിതാ ചിത്രത്തില്‍ സായി തെലുങ്ക് ഡബ്ബ് ചെയ്യുന്ന ദൃശ്യങ്ങളും. അറിയാത്ത ഭാഷയായതിനാല്‍ പലതവണ ഉരുവിട്ട് പഠിച്ചാണ് താരം തെലുങ്ക് ഡബ്ബ് ചെയ്യുന്നത്. സംവിധായകന്‍ ശേഖര്‍ കമ്മൂല തന്നെയാണ് സായിയുടെ ഗുരു. കൂട്ടത്തില്‍ ചെറിയ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് ശേഖറില്‍ ചിരി ഉണര്‍ത്തുന്നുമുണ്ട്.