നടി സായ് പല്ലവിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സായ്  പല്ലവിയുടെ രീതി സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ കുറച്ച് കാലം മുന്‍പ് രംഗത്തെത്തിയിരുന്നു. സമാനമായി മിഡില്‍ ക്ലാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്ന് സെറ്റില്‍ അദ്ദേഹം നിന്ന് ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

നടന്‍ ഷര്‍വാനന്ദിനും സായിയുടെ പെരമാറ്റം പിടിക്കുന്നില്ലെന്നാണ് ഒടുവിൽ വരുന്ന വാർത്ത. ഷർവാനിന്ദിന്റെ നായികയായി ഒരു തെലുഗു സിനിമയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലാണ് സായ് പല്ലവിയിപ്പോള്‍. ഷര്‍വാനന്ദിനോട് സായ് പല്ലവി മോശമായി പെരുമാറിയെന്നും സായിയുടെ പെരുമാറ്റം നടനെ വിഷമിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പറയുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. 

'കൊല്‍ക്കത്തയില്‍ വച്ച് സായിക്ക് നല്ല പനി പിടിപ്പെട്ടു. കൊല്‍ക്കത്തയിലെ രംഗങ്ങള്‍ സിനിമയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടു തന്നെ ഒരു പരാതിയും കൂടാതെയാണ് സായി ഷൂട്ടിംഗ് തീര്‍ത്തത്. അവരുടെ ആത്മാര്‍ത്ഥത കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു'- സിനിമയോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സായി പതുക്കെ തമിഴിലേക്കും തെലുഗിലേക്കും ചുവടുമാറ്റി. താരത്തിന്റെ ആദ്യ തെലുഗ് ചിത്രങ്ങളെല്ലാം പ്രദര്‍ശന വിജയം നേടിയിരുന്നു.