ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ സായ്പല്ലവി തെന്നിന്ത്യയിലെ വിലയേറിയ താരമായി. ധനുഷിന്റെ നായികയായി അഭിനയിച്ച മാരി 2 ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇവര്‍ തകര്‍ത്തഭിനയിച്ച റൗഡി ബേബി എന്ന ഗാനം റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. അതിനിടയില്‍ സായ് പല്ലവിയുടെ വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകളും ശക്തമായി. 

എന്നാല്‍ താന്‍ വിവാഹം കഴിക്കുന്നില്ല എന്ന നിലപാടിലാണ് താരം. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് അതിന് കാരണമായി സായ് പല്ലവി പറയുന്നത്. എല്ലായ്‌പ്പോഴും തനിക്കൊപ്പം നിന്ന അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം പറയുന്നു. വിവാഹം ഇതിന് തടസ്സമാകുമെന്നും തങ്ങളുടേതായ ഇടം നഷ്ടപ്പെടുമെന്നും സായ് പല്ലവി പറയുന്നു.

സായ് പല്ലവിയെ സംബന്ധിച്ച് നേരത്തേ ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. സെറ്റില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചില സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതെക്കുറിച്ചൊന്നും അവര്‍ പ്രതികരിച്ചില്ല. 

ഒരു തെലുങ്കു സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലം പോലും വാങ്ങാതെ നിര്‍മാതാവിന് സഹായവുമായി സായ് പല്ലവി രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

Content Highlights: sai pallavi says she will never marry on wedding dhanush song rowdy baby maari 2