വിജയ് ദേവരെക്കൊണ്ടയും രശ്മിക മന്ദാനയും നായികാ നായകന്‍മാരായി, നാലു തെന്നിന്ത്യന്‍ ഭാഷകളില്‍ ജൂലൈ 26ന് പുറത്തിറങ്ങുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്നും തെന്നിന്ത്യന്‍ താരം തനിക്കു വന്ന ഓഫര്‍ നിരസിക്കുകയുമായിരുന്നുവെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
രശ്മികയ്ക്കു പകരം സായ് പല്ലവിയെയാണ് വിജയ് ദേവരെക്കൊണ്ടയുടെ നായികയാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നത്. ഡിയര്‍ കോമ്രേഡിന്റെ സ്‌ക്രിപ്റ്റുമായി സംവിധായകന്‍ ഭരത് കമ്മ സായ്യുടെ അരികില്‍ ചെന്നിരുന്നു. എന്നാല്‍ കഥ കേട്ട ഉടനെ താനീ ചിത്രത്തിലേക്കില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു നടി എന്നാണ് സൂചനകള്‍. ചിത്രത്തില്‍ ലിപ്‌ലോക്ക് രംഗങ്ങള്‍ അധികമായുള്ളതിനാലാണ് നടി പിന്‍മാറിയത്. സായ് പിന്‍മാറിയതിനു പിന്നാലെ രശ്മികയുടെ ഡേറ്റ് ചോദിക്കുകയും നായികയാക്കുകയുമായിരുന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ചര്‍ച്ചയായിരുന്നു. വിജയ് രശ്മികയെ ചുംബിക്കുന്ന നിരവധി രംഗങ്ങള്‍ ട്രെയിലറിലുണ്ട്. 'എന്താണീ ലിപ് ലോക്ക്? എനിക്കിഷിടമല്ലാത്ത വാക്കാണത്.' മുമ്പ് ഒരു അഭിമുഖത്തിനിടയില്‍ ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയ് പറഞ്ഞതാണിത്. ചുംബനമെന്നു പറയൂ.. അതൊരു വികാരമല്ലേ. ദേഷ്യവും കരച്ചിലുമൊക്കെ പോലെ പ്രകടിപ്പിക്കുന്ന ഒരു വികാരം. ചുണ്ടുകള്‍ ലോക്ക് ചെയ്യലൊന്നുമല്ല അത്. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല.' വിജയ് ദേവരെക്കൊണ്ട പറഞ്ഞിരുന്നു.
നേരത്തെ ഫെയര്‍നെസ് ക്രീം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നു നടി പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യമാണ് സായ് പല്ലവി വേണ്ടെന്നു വച്ചത്. തന്റേത് ഇന്ത്യയുടെ നിറമാണെന്നും ഓരോ രാജ്യക്കാര്‍ക്കും അവരവരുടേതായ നിറമല്ലേയെന്നും നിറം വര്‍ധിപ്പിക്കാനുളള ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച് ലഭിക്കുന്ന പണം കൊണ്ട് തനിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് നടി പറഞ്ഞത്.
Content Highlights : Sai Pallavi rejected Vijay Deverakkonda's Dear Comrade movie due to liplock scenes