ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സായി പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റി. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ഫിദ പ്രദര്‍ശന വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ സായ്.

താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ നാഗ ശൗര്യ. കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍ പുറത്തിറങ്ങും. 

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുമെന്ന് നാഗശൗര്യ ആരോപിക്കുന്നു. 

'ഫിദ വിജയമായിരുന്നു. പക്ഷേ അത് അവരുടെ മാത്രം കഴിവല്ല. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു'- നാഗ ശൗര്യ പറഞ്ഞു.

ഫിദക്ക് ശേഷം സായി നായികയായി എത്തിയ തെലുങ്കു ചിത്രമാണ് മിഡില്‍ ക്ളാസ് അബ്ബായ് (എം.സി.എ.) വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  സൂര്യയാണ് ചിത്രത്തിലെ നായകന്‍. 

Content Highlights: Sai Pallavi, Naga Shourya, kaaru Movie