പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നടിയാണ് സായ് പല്ലവി. മലയാള സിനിമയില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി ഇന്ന തെന്നിന്ത്യയാകെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് സായ് പല്ലവി. 

സൂര്യ പ്രധാനവേഷത്തിലെത്തുന്ന എന്‍.ജി.കെയാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. സെല്‍വരാഘന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സായ് പല്ലവിയുടെ പഴയ കാലത്തെ ഏതാനും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

2003 ല്‍ പുറത്തിറങ്ങിയ കസ്തൂരിമാന്‍ എന്ന ചിത്രം മലയാളികള്‍ മറക്കാന്‍ ഇടയില്ല. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീര ജാസ്മിന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. 

ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സായ് പല്ലവിയുടെ സാന്നിധ്യമുണ്ട്. മീരാ ജാസ്മിന്റെ കഥാപാത്രം പഠിക്കുന്ന കോളേജിലെ വിദ്യാര്‍ഥികളിലൊരാളായി പാട്ടുസീനിലും ചെറിയൊരു രംഗത്തിലും മാത്രം വന്നുപോകുന്ന ആളായണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

പശ്ചാത്തല നര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായെത്തി സൂപ്പര്‍താരങ്ങളായി മാറിയ ഒട്ടനവധി താരങ്ങള്‍ സിനിമയിലുണ്ട്. അതില്‍ സായ് പല്ലവിയുടെ പേര് കൂടി ഇനി എഴുതി ചേര്‍ക്കാം.

അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല, ശക്തമായ നിലപാടുകളുടെ പേരിലും സായ് പല്ലവി പ്രശസ്തയാണ്. കോടികള്‍ വാഗ്ദാനം ചെയ്തുവെങ്കിലും ഒരു ഫെയര്‍നസ് ക്രീം കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ സായ് പല്ലവി കൂട്ടാക്കിയില്ല. ഇതെക്കുറിച്ച് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ....

'ഇത് ഇന്ത്യയുടെ നിറമാണ്. വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു നമുക്കു ചോദിക്കാനാവില്ലല്ലോ. അവരുടെ തൊലിയുടെ നിറം നമുക്ക് വേണമെന്നും അവകാശപ്പെടാന്‍ പറ്റില്ല. അത് അവരുടെ നിറമാണ്.

ആഫ്രിക്കക്കാര്‍ക്കും അവരുടേതായ നിറമാണ്. അവരതില്‍ സൗന്ദര്യമുള്ളവരുമാണ്. അത്തരമൊരു പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് താന്‍ എന്തു ചെയ്യാനാണെന്നും സായ് പല്ലവി ചോദിക്കുന്നു. വീട്ടില്‍ പോയി മൂന്ന് ചപ്പാത്തി കഴിക്കും. അതുമല്ലെങ്കില്‍ ചോറ്. പിന്നെ കാറില്‍ നാടു ചുറ്റും.

ചെറുപ്പത്തില്‍ സഹോദരിക്ക് തന്നേക്കാള്‍ നിറം കുറവാണെന്ന അപകര്‍ഷതാബോധം ഉണ്ടായിരുന്നുവെന്നും നിറം വെയ്ക്കാന്‍ എന്തു ചെയ്യണമെന്ന് തന്നോട് ചോദിക്കുമായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു.

 ധാരാളം പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ നിറം വെയ്ക്കുമെന്ന് സഹോദരിയോട് പറഞ്ഞു. സഹോദരി പൂജ അത് അതേപടി അനുസരിക്കുന്നത് കണ്ട് താനൊരുപാട് അസ്വസ്ഥയായിട്ടുണ്ടെന്നും നടി പറയുന്നു. തന്നേക്കാള്‍ അഞ്ചു വയസു ചെറുപ്പമുള്ള സഹോദരിയില്‍ തന്റെ ഉപദേശം ചെലുത്തിയ സ്വാധീനം തന്നിലും വലിയ മാറ്റമുണ്ടാക്കിയെന്ന് സായ് പല്ലവി പറയുന്നു. 

ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ നിന്നുള്ള വരുമാനം തനിക്ക് ആവശ്യമില്ലെന്ന് ആവര്‍ത്തിക്കുന്നതോടൊപ്പം തന്റെ ചുറ്റുമുളളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

Content Highlights: sai pallavi acted in meera jasmine Kasthooriman movie, throw back photo, ngk, suriya, selvaraghavan