സായി പല്ലവി | ഫോട്ടോ: അനുഷ് ഭട്ട് | മാതൃഭൂമി
തന്റെ വിവാദപരാമർശത്തിൽ വിശദീകരണവുമായി നടി സായി പല്ലവി. എന്തെങ്കിലും പറഞ്ഞാൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അതിനാൽ രണ്ടുവട്ടം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ എന്നും അവർ പറഞ്ഞു. ഞാന്‍ ഇടതിനേയോ വലതിനെയോ പിന്തുണക്കുന്നുവെന്ന് ആ ഇന്റർവ്യൂവിൽ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നെന്നും വ്യക്തമാക്കിയിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സായി പല്ലവി പറഞ്ഞു.
ആദ്യം നമ്മളൊരു നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം. കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. ഇക്കാര്യം ഞാൻ പിന്നീട് അതിന്റെ സംവിധായകനെ കാണാനിടയായപ്പോൾ പറഞ്ഞിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
"പലരും ആൾക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നതായി കണ്ടു. ഒരാളുടെ ജീവനെടുക്കാൻ മറ്റൊരാൾക്ക് അവകാശമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എല്ലാവരുടെ ജീവനും പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞത് എന്നില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. കുട്ടികള്‍ ഒരിക്കലും മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ജാതിയുടേയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ല. വളരെ നിഷ്പക്ഷമായി സംസാരിച്ചത് മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടു."
അതൊക്കെ കണ്ടപ്പോള്‍ നിരാശ തോന്നി. ഞാന്‍ പറഞ്ഞ ആ ഭാഗം മാത്രമാണ് പ്രചരിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ എന്താണെന്നോ ബാക്കി എന്താണെന്നോ ആരും കണ്ടിട്ടില്ല. ഈ ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദിയുണ്ട് എന്നുപറഞ്ഞുകൊണ്ടാണ് സായി വീഡിയോ അവസാനിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നാണ് സായി പല്ലവി പറഞ്ഞത്. തന്റെ പുതിയ ചിത്രമായ വിരാടപർവത്തിന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ ഒരു ചോദ്യത്തിനുത്തരമായാണ് അവർ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു.
Content Highlights: sai pallavi, sai pallavi's controversial statement, sai pallavi instagram post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..