സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് സായ് ധന്‍സിക. ഈയിടെ വിഴിത്തിരു എന്ന തമിഴ് ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിനിടയില്‍ നടനും സംവിധായകനുമായ ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി വഴക്ക് പറഞ്ഞതും ധന്‍സിക വേദിയിലിരുന്ന് കരഞ്ഞതും വിവാദമായിരുന്നു.

ഉയര്‍ച്ചയ്ക്ക് കാരണമായവര്‍ക്ക് നന്ദി പറയുന്നതിനിടയില്‍ ധൻസിക തന്റെ പേര് വിട്ടുപോയെന്നും തന്നെ ബഹുമാനിച്ചില്ലെന്നും പറഞ്ഞായിരുന്നു ടി രാജേന്ദര്‍ പരിസരം മറന്ന് ക്ഷുഭിതനായതും ധന്‍സികയെ അപമാനിച്ചതും. അത് വെറും തെറ്റിദ്ധാരണയാണെന്നും തനിക്ക് രാജേന്ദറോട്‌ ബഹുമാനം മാത്രമേയുള്ളൂ എന്ന് ധന്‍സിക പറയാന്‍ ശ്രമിച്ചെങ്കിലും എനിക്ക് നിന്റെ ബഹുമാനം വേണ്ടെന്നായിരുന്നു രാജേന്ദറിന്റെ നിലപാട്. ഈ വിഷയത്തില്‍ പിന്നീട് യാതൊരു വിധ പ്രതികരണങ്ങളും ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ തന്റെ  നിലപാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ധന്‍സിക. 

"എനിക്ക് വേദിയിലിരുന്നു കരയേണ്ടി ആ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ടി രാജേന്ദര്‍  ആത്മീയതയുള്ള ആളാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, അത്തരത്തില്‍ ആത്മീയതയുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ സാധിക്കില്ല. കാരണം എനിക്കറിയാം ആത്മീയത എന്താണെന്ന്. അതില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ സമചിത്തതയോടെ കാണാന്‍ പഠിച്ചത്. യഥാര്‍ഥ സ്വഭാവം വച്ച് ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തിയായിരുന്നു. പക്ഷേ, ആത്മീയതയാണ് എന്റെ സ്വഭാവത്തെ മാറ്റിയത്.
 
ടി.ആര്‍ അന്ന് വേദിയില്‍ വച്ച് പറഞ്ഞത് മാധ്യമങ്ങളെല്ലാം കണ്ടതാണ്. ആ ഞെട്ടലിൽ നിന്ന് പുറത്തുവരാന്‍ ഞാന്‍ ഏഴ് ദിവസമെടുത്തു. ഞാൻ മുന്‍പും ഇതുപോലെ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് നിശ്ശബ്ദയായിരിക്കാന്‍ തീരുമാനിച്ചത്.  എല്ലാ മേഖലയിലും സ്ത്രീകൾ സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഞാന്‍ എല്ലാ പുരുഷന്മാരെയും കുറ്റപ്പെടുത്തുകയല്ല. മറിച്ച് എനിക്ക് ഇവിടെ വരെ എത്താന്‍ എല്ലാ സഹായവും പിന്തുണയും തന്ന പുരുഷന്മാരോട് നന്ദി പറയാനാണ്  ഈ അവസരം ഉപയോഗിക്കുന്നത്"-ധന്‍സിക പറഞ്ഞു. 

Content Highlights : Sai Dhansika T Rajendran T Rajendar Dhansika argument Dhansika crying about T Rajendar speech, kollywood, tamil movie