രൊറ്റ ഗാനരംഗം കൊണ്ട് മലയാളത്തിന്റെ മനസ്സ് കീഴടക്കിയ താരമായിരുന്ന സാധന. ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റിലെ ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന ഗാനരംഗത്തില്‍ പ്രേംനസീറിനൊപ്പം അഭിനയിച്ച സാധന എഴുപതുകളിലും എണ്‍പതുകളിലും തെന്നിന്ത്യന്‍ സിനിമയില്‍ മാദകറാണിയായി അരങ്ങുവാണ താരമായിരുന്നു. എന്നാല്‍, മറ്റു പലരെയും പോലെ സാധനയ്ക്കും സിനിമാലോകം കാത്തുവച്ചത് നന്ദികേടിന്റെ ദുരിതപര്‍വം തന്നെയായിരുന്നു. കൊടിയ ദാരിദ്ര്യവും രോഗപീഡയുമായി ചെന്നൈയ്ക്ക് സമീപത്തെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന സാധന ഇടയ്ക്ക് ചാനലുകളിലെയും പത്രങ്ങളിലെയും കണ്ണീര്‍വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. പതിവു പോലെ സാധനയും ക്രമേണ മറവിയിൽ മാഞ്ഞു. ആ ജീവിതത്തിൽ പഴയ ദുരിതവും പീഡനവും തന്നെ ബാക്കിയായി. സിനിമാ പ്രവർത്തകർ അയച്ച പണമൊന്നും കിട്ടിയില്ല. ചികിത്സ കിട്ടാതെ  കിടക്കയിൽ മലമൂത്ര വിസർജനം നടത്തിയ ഭാര്യയെ ഭർത്താവ് എവിടെയൊക്കെയോ കൊണ്ടുപോയി ഉപേക്ഷിച്ചു. അവശേഷിച്ച ജീവിതം എങ്ങനെ ജീവിച്ചുതീര്‍ക്കുമെന്നാണ് ഇന്നെന്റെ ചിന്ത എന്ന് സാധന ഒരിക്കൽ പറഞ്ഞ കാര്യം പഴയകാല നടി ഉഷാറാണി പറഞ്ഞിരുന്നുവെന്ന്  പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ എഴുതിയിരുന്നു.

sadhana
സാധന (പഴയകാലചിത്രം)

ഉഷാറാണിയായിരുന്നു അവസാന കാലത്ത് സാധനയെ സഹായിക്കാനുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ പഴയ താരത്തെക്കുറിച്ച് ഉഷാറാണിക്കും യാതൊരു വിവരവുമില്ല. ഒരുകാലത്ത് പ്രേക്ഷരെ ത്രസിപ്പിച്ച സാധന ചെന്നൈയിലെയോ മുംബൈയിലെയോ തെരുവില്‍ കിടന്ന് മരിച്ചുപോയിരിക്കാമെന്നാണ് പൊതുവേയുള്ള അനുമാനം. സാധനയുടെ വീടന്വേഷിച്ചു പോയ തനിക്ക് നാട്ടുകാരില്‍ നിന്ന് ലഭിച്ച ഉത്തരം അതാണെന്ന് ഉഷാകുമാരി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഭർത്താവാണത്രെ ഈ വിവരം പറഞ്ഞത്. പക്ഷേ, അങ്ങിനെയെങ്കില്‍ ആ ശരീരം എവിടെ? ശരീരം ആസ്പത്രി അധികൃതര്‍ ഇടപെട്ട് സംസ്‌കരിച്ചുവെന്നാണ് ചിലര്‍ പറയുന്നത്-ഉഷാറാണി പറഞ്ഞു. ഉഷാറാണിയിലൂടെ തന്നെ നമുക്ക് സാധനയുടെ അവസാനകാല ജീവിതവും അവര്‍ അനുഭവിച്ച ദുരിതവും അറിയാം.

'ഒരു സ്വകാര്യ ചാനലിലെ പരിപാടിയുടെ ഭാഗമായി എനിക്ക് ക്ഷണം ലഭിച്ചിരുന്നു. പഴയ നടിമാര്‍, സിനിമ പി.ആര്‍ഒമാര്‍ എന്നിവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒരു പരിപാടിയായിരുന്നു അത്. അതിന് വേണ്ടി തിരയുന്നതിനിടയിലാണ് സാധനയെ ഓര്‍മവന്നത്. ഇവിടെ ഒരു അസോസിയേഷനുണ്ട്. ചലച്ചിത്ര പരിഷത്ത്. അവര്‍ വഴിയാണ് സാധനയെ ബന്ധപ്പെടാന്‍ നോക്കിയത്. അവിടെ വിളിച്ചു നോക്കിയപ്പോള്‍ സാധന ചെന്നൈയില്‍ ഉണ്ടെന്നും ആയിരം രൂപയോളം പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്നും അറിയാന്‍ കഴിഞ്ഞു. അവരുടെ കയ്യില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങി ഞാന്‍ സാധനയെ വിളിച്ചു. ഒരു ഇന്റര്‍വ്യൂവിന് തയ്യാറാകണമെന്ന് പറഞ്ഞു. അവരുടെ വീട്ടില്‍ വച്ച്. പക്ഷേ അവര്‍ പറഞ്ഞു ഇതൊരു കുഗ്രാമമാണ്. അവിടേക്ക് ക്യാമറ ഒന്നും കൊണ്ടുവരേണ്ട. സിനിമാനടിയായിരുന്നുവെന്ന് അറിഞ്ഞാല്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഉടമസ്ഥര്‍ ഇറക്കിവിടുമെന്നും അവര്‍ പറഞ്ഞു. എന്റെ വീട്ടില്‍ വച്ചാണ് അവളുടെ ഇന്റര്‍വ്യൂ എടുത്തത്. അവര്‍ 2000 രൂപയോളം സാധനയ്ക്ക് കൊടുത്തു എന്നാണ് എന്റെ ഓര്‍മ. ഞാന്‍ ഇടയ്ക്കിടെ എന്നെകൊണ്ട് പറ്റാവുന്ന പണം അയച്ചു കൊടുക്കും. സിനിമാ താരസംഘടനയായ അമ്മയും 5000 മാസത്തില്‍ നല്‍കിയിരുന്നു.

jayabharathi
ജയഭാരതി 

സിനിമയില്‍ നിന്ന് ജയഭാരതി അവരെ സഹായിച്ചിട്ടുണ്ട്. ജയഭാരതിയെ വിളിച്ച് ഞാന്‍ പറഞ്ഞിരുന്നു. പണം മാത്രമല്ല ആവശ്യമുള്ള വസ്ത്രങ്ങളും ജയഭാരതി കൊടുത്തു. ബാങ്ക് അക്കൗണ്ടില്‍ 10000 രൂപയോളം ജയ ഇട്ടു കൊടുത്തു. പിന്നെ പാലക്കാട് മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസിന്റെ ഭാര്യ എന്നെ വിളിച്ച് അക്കൗണ്ട് നമ്പര്‍ വാങ്ങി പണം ഇട്ടുകൊടുത്തു.

സുരേഷ് ഗോപിയും സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു. അവരെ അല്‍പം കൂടി സൗകര്യമുള്ള വീട്ടിലേക്ക് മാറ്റണം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 'ചേച്ചീ  വാടക ഞാന്‍ കൊടുത്തോളാം. പിന്നെ ആവശ്യമുള്ള സഹായങ്ങളും'. പക്ഷേ സുരേഷ് ഗോപിയുടെ വാഗ്ദാനം അയാള്‍ സ്വീകരിച്ചില്ല. അതിനായി പറഞ്ഞ കാരണം വിചിത്രമാണ്. പെട്ടന്ന് ഒരു തോന്നലില്‍ സുരേഷ് ഗോപി സഹായം നിര്‍ത്തിയാല്‍ ഞങ്ങള്‍ എന്തുചെയ്യും എന്നാണ് അയാള്‍ ചോദിച്ചത്. സുരേഷ് ഗോപി സഹായിക്കേണ്ടെന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞു. പിന്നെ സുരേഷ് നിര്‍ബന്ധിക്കാന്‍ നിന്നില്ല. 

സാധനയ്ക്ക് ലഭിച്ച പണം ആരാണ് ഉപയോഗിച്ചതെന്ന് എനിക്കറിയില്ല. എന്റെ വീട്ടില്‍ നിന്ന് അവരുടെ വീട്ടിലേക്ക് ഒരുപാട് ദൂരുമുണ്ട്. എനിക്ക് അവിടെ പോയി പരിശോധിക്കാന്‍ കഴിയില്ലല്ലോ. സാധനയ്ക്കൊപ്പം ഭര്‍ത്താവുമുണ്ട്. ഭാര്യയെ സ്നേഹിക്കുന്ന ആരും കിട്ടുന്ന പണം കൊണ്ട് അവരെ ചികിത്സിക്കാനാണ് ശ്രമിക്കുക. അവര്‍ക്ക് ബാങ്കില്‍ പോയി വാങ്ങാന്‍ കഴിയില്ലായിരുന്നു. ഭര്‍ത്താവാണ് എല്ലാത്തിനും പോയിരുന്നത്. പലരും എന്റെ അക്കൗണ്ടില്‍ പണം ഇട്ടു തന്നിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും അത് വന്ന് വാങ്ങിക്കും. അവള്‍ക്ക് വരാന്‍ കഴിയില്ലെങ്കില്‍ ഭര്‍ത്താവ് ഒറ്റയ്ക്ക് വന്ന് പണം വാങ്ങിക്കും. ആറ് മാസം മുൻപ് ഞാൻ അവർക്ക് പണം നൽകിയിരുന്നു. ഭർത്താവാണ് പണം വാങ്ങിയത്. എന്നാൽ, അയാൾ അവിടെ നിന്ന് മാറിയപ്പോൾ സാധന എന്നോടൊരു സത്യം പറഞ്ഞു. 'എനിക്ക് അയാൾ പണമൊന്നും തരാറില്ല.'

ഒരു ദിവസം സാധനയുടെ ഭര്‍ത്താവ് വന്നു പറഞ്ഞു അവര്‍ മുംബൈയിലേക്ക് താമസം മാറുകയാണെന്ന്. ഞാന്‍ അപ്പോള്‍ ചോദിച്ചു പണം എങ്ങോട്ട് അയക്കണമെന്ന്. അയാള്‍ നമ്പര്‍ തരാമെന്ന് പറഞ്ഞു. 'അമ്മ'യിലും വിവരം അറിയിക്കണമെന്ന് അയാള്‍ പറഞ്ഞു. വയ്യാത്ത അവസ്ഥയില്‍ സാധനയെ മുംബൈയിലേക്ക് കൊണ്ട് പോകുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവിടെ ജോലി കിട്ടിയെന്നായിരുന്നു മറുപടി. അയാള്‍ മദ്യപിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പണ്ട് കുടിച്ചിരുന്നു ഇപ്പോള്‍ എല്ലാം നിര്‍ത്തിയെന്നാണ് അയാള്‍ പറഞ്ഞത്.

അയാള്‍ മദ്യപിച്ചു വന്ന് സിഗരറ്റു കൊണ്ട് സാധനയുടെ ശരീരം മുഴുവന്‍ പൊള്ളിക്കുമെന്ന് ഞാന്‍ അറിഞ്ഞത് ഈ അടുത്തകാലത്താണ്. പ്രേംനസീര്‍ ഫൗണ്ടേഷന്‍ ഇറക്കുന്ന ഒരു സുവനീറിന്റെ ആവശ്യത്തിനായി ഗോപാലകൃഷ്ണന്‍ സമീപിച്ചപ്പോഴാണത്. പക്ഷേ സാധനയുടെ ഭര്‍ത്താവിന് ആരും വീട്ടില്‍ ചെല്ലുന്നത് ഇഷ്ടമായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ ഒട്ടും ഇഷ്ടമില്ല. പേനയില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ചാണ് ഒരു ചാനല്‍ സാധനയുടെ പ്രശ്നങ്ങളെ പുറംലോകത്തിലേക്ക് എത്തിച്ചത്. ആ ചാനല്‍കാരും 10000 രൂപ കൊടുത്തു.

ഞങ്ങളുടെ കൂടെ ഒരിടത്തും സാധനയെ വിടാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. ചോദിക്കുമ്പോള്‍ ഓരോ ന്യായങ്ങള്‍ നിരത്തും. ജോലിക്ക് പോവുകയുമില്ല. സാധനയ്ക്ക് മറ്റുള്ളവര്‍ നല്‍കുന്ന പണം ഇയാള്‍ കൈവശപ്പെടുത്തും. ഒരു ശുശ്രൂഷയും നല്‍കുകയുമില്ല.

പിന്നീടൊരിക്കല്‍ കൂടി സാധനയെ സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി ഗോപാലൃഷ്ണന്‍ വന്നു. അവര്‍ക്ക് കൊടുക്കാന്‍ കുറേ ഹോര്‍ലിക്ക്സും കോംപ്ലാനുമൊക്കെയായിട്ടാണ് ഗോപാലകൃഷ്ണന്‍ വന്നത്. ഞങ്ങള്‍ എത്തിയപ്പോൾ വീട് പൂട്ടിയിരിക്കുകയായിരുന്നു. അയല്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഞങ്ങള്‍ ഞെട്ടി. സാധന മരിച്ചു. അവര്‍ പറഞ്ഞത് പ്രകാരം അയാള്‍ സാധനയെ അതിക്രൂരമായി ഉപദ്രവിച്ചിരുന്നു.

ഞാനും സാധനയും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് തമ്മില്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ എന്തുകൊണ്ടോ എനിക്ക് അവരെ സഹായിക്കണമെന്നു തോന്നി. പക്ഷേ ഞങ്ങള്‍ നല്‍കിയ പണമൊന്നും അവളുടെ കൈകളില്‍ എത്തിയില്ല. അയാള്‍ അവരെ മുംബൈയിലും മറ്റും കൊണ്ടുപോയി ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ആരൊക്കെയോ തിരിച്ചറിഞ്ഞ് അവരെ വീണ്ടും ഭര്‍ത്താവിനെ ഏല്‍പിക്കും. അവസാനം തിരുപ്പതിയില്‍ കൊണ്ടുപോയി. ഹോട്ടല്‍ മുറിയില്‍ വച്ച് അവളെ ഉപദ്രവിച്ചെന്നും കരച്ചില്‍ കേട്ട് ആളുകളൊക്കെ ഓടിക്കൂടി എന്നും കേട്ടു. പിന്നീട് അവള്‍ മരിച്ചുവെന്നാണ് കേട്ടത്. ബോഡി കാണാന്‍ പോലും കഴിഞ്ഞില്ല. അയാള്‍ ഞങ്ങളോട് പറഞ്ഞത് ബോഡി ആസ്പത്രി അധികൃതര്‍ ഇടപ്പെട്ട് സംസ്‌കരിച്ചുവെന്നാണ്. 

sadhana
ഉഷാറാണി

സാധനയെ ഗാന്ധിയന്‍ മന്ദ്രിരത്തില്‍ കൊണ്ടുപോകാമെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. അവിടെ മൂന്ന് നേരം ഭക്ഷണം ലഭിക്കും. അയാള്‍ പറഞ്ഞത് ഇവിടം വിടാന്‍ കഴിയില്ല, ഒന്നര ലക്ഷത്തിന്റെ കടം ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നാണ്. എങ്കില്‍ കടം വീട്ടാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ മറ്റു പല ന്യായങ്ങളും നിരത്തി. കടം നല്‍കിയവരോട് സംസാരിക്കാമെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്ക് അതും സമ്മതമായിരുന്നില്ല. അയാളുടെ കൂട്ടുകാര്‍ സഹായിക്കും മറ്റാരും ഇടപെടേണ്ട എന്നായിരുന്നു മറുപടി.

സാധന മരിച്ചുവോ എന്നൊന്നും എനിക്ക് അറിയില്ല. പരിസരത്തെ ജനങ്ങള്‍ പറയുന്നതും അതു തന്നെ. സാധന മരിച്ചുവെന്ന് ഭര്‍ത്താവ് പറഞ്ഞ അറിവ് മാത്രമേ നാട്ടുകാര്‍ക്കുള്ളൂ. അമ്മ നല്‍കുന്ന പെന്‍ഷന്‍ മൂന്ന് മാസമായി ആരും വാങ്ങുന്നില്ല. ഭര്‍ത്താവ് ഭ്രാന്തനെപ്പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണെന്ന് പലരും അവിടെയും ഇവിടെയും കണ്ടെന്നും പറയുന്നുണ്ട്. അയാളെയും ഞാന്‍ ഇപ്പോള്‍ കാണാറില്ല.'

Content Highlights: sadhana old malayalam actress died or live mystery continues actress usharani express