ഹരിഹരൻ എം.ടിക്കൊപ്പം | PHOTO: MATHRUBHUMI
ലോക സിനിമയിലെ ഒരു അപൂർവ വ്യക്തിത്വമാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകൻ ഹരിഹരൻ. തിരൂർ തുഞ്ചൻ പറമ്പിൽ സാദരം എം.ടി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോക സിനിമയിലെ ഒരു അപൂർവ വ്യക്തിത്വമാണ് എം.ടി. സാഹിത്യത്തിലും സിനിമയിലും ഒരു മനുഷ്യായുസ്സിലും കൂടുതൽ ചെയ്യാൻ എം.ടിക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടു കൊണ്ട് കഴിഞ്ഞു. ഇപ്പോഴും എം.ടി. യുടെ തിരക്കഥയ്ക്കായി കാത്തിരിക്കുന്ന ധാരാളം സംവിധായകരുണ്ട്.
എം.ടി യുടെ സംഭാഷണങ്ങൾ നടൻ സത്യൻ പറയുന്നത് കേൾക്കാൻ എനിക്ക് വലിയ താൽപര്യമാണ്. കാലം ഇന്ന് തടവറയിലാണ് എന്ന് സത്യൻ പറയുന്ന എം.ടി യുടെ ഒരു ഡയലോഗ് ഉണ്ട്. നോവലായാലും സിനിമയായാലും കഥയുടെ കഥയാണ് എം.ടിക്കിഷ്ടം. കഥ പറഞ്ഞു ഫലിപ്പിക്കുന്ന രീതിയൊന്നും എം.ടിക്കില്ല. ഒരു വിത്ത് മാത്രമേ പറയൂ. തിരക്കഥയാവുമ്പോൾ ആ വിത്ത് മുളച്ച് വളർന്ന് ആൽമരമായി പടർന്നു പന്തലിച്ചിട്ടുണ്ട്. എം.ടി ഒരു സിനിമ ആലോചിക്കാം എന്ന് പറയുമ്പോൾ ആ ആലോചനയുടെ വലിപ്പവും ആഴവും അറിയുന്നവനേ സിനിമയെടുക്കാൻ കഴിയുകയുള്ളൂ.
എം.ടി യുടെ ആശയങ്ങളുടെ വൈവിധ്യമാണ് ആളുകൾ എം.ടിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. കഥാപാത്രങ്ങളുടെ ചിത്രീകരണം, തിരക്കഥ തുടങ്ങിയവ സൂഷ്മമായിട്ടാണ് എം.ടി കൈകാര്യം ചെയ്യുന്നത്. 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യാണ് ഞങ്ങളുടെ ആദ്യത്തെ ചിത്രം. ആ തിരക്കഥ കെെയിൽ കിട്ടിയപ്പോൾ പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർഥിയെപ്പോലെ ഞാൻ തിരക്കഥ പഠിച്ചു. സൂം ലെൻസ് മാറ്റി വെക്കാൻ ക്യാമറാമാനോട് പറഞ്ഞു. അടിയില്ല, കോമഡിയില്ല, റൊമാൻസില്ല. എന്റെ സിനിമാക്കൂട്ടുകൾ ഒന്നുമില്ലാതെയെടുത്ത ആ സിനിമയായിരുന്നു എന്റെ പരീക്ഷ. രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളായിരുന്നു ട്രീറ്റ്മെന്റ്. പടം ഹിറ്റായി. വടക്കൻ വീരഗാഥയും പഞ്ചാഗ്‌നിയും എടുത്തു നോക്കിയാൽ അതിലെല്ലാം നമ്മുടെ ഓരോരുത്തരുടെയും പ്രതിഫലനമാണ്. എം.ടി യുടെ പടങ്ങൾ പലരും എടുത്തിട്ടുണ്ട്. ഞാൻ പലർക്കും വേണ്ടി ശുപാർശ ചെയ്തിട്ടുമുണ്ട്. പക്ഷേ പടങ്ങൾ പൊളിയുമ്പോൾ എം.ടി കൊടുത്ത തിരക്കഥയും ട്രീറ്റ്മെന്റും തമ്മിൽ ഉള്ള വ്യത്യാസം ഇവിടെ കാണാം. എം.ടി യുടെ സിനിമാകാലം തടവറയിലാണ്, യൗവനത്തിന്റെ തടവറയിൽ.
കഴിഞ്ഞ ദിവസം മമ്മൂട്ടി വിളിച്ചിട്ട് പറഞ്ഞത് ഒരു തിരക്കഥ നിങ്ങൾ പറഞ്ഞാൽ അദ്ദേഹം എഴുതിത്തരും. നമുക്കത് ചെയ്യാം എന്നാണ്. ഒരു നൊബേൽ സമ്മാനം മാത്രമേ അർഹിക്കുന്നത് ബാക്കിയായി അദ്ദേഹത്തിനു കിട്ടാനുള്ളൂ. എം.ടി യുടെ ഏറ്റവും കൂടുതൽ തിരക്കഥകൾ സിനിമയാക്കാൻ കഴിഞ്ഞ ഭാഗ്യവാനാണ് ഞാൻ. ഐ.വി ശശിയും ഭരതനും ആ ഭാഗ്യം ലഭിച്ചു. ആർട് സിനിമയും കൊമേഴ്സ്യൽ സിനിമയും രണ്ട് ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് എം.ടി യുടെ സിനിമാ പ്രവേശം. ആ രണ്ട് ധ്രുവങ്ങളെയും സമന്വയിപ്പിക്കാൻ എം.ടിക്ക് കഴിഞ്ഞു', ഹരിഹരൻ പറഞ്ഞു.
Content Highlights: sadaram mt director hariharan about mt vasudevan nair film life thunjan parambu thirur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..