-
കൊച്ചി: ''എനിക്കു ജീവിതം തിരിച്ചുതന്ന നീ വിട പറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു...'' നടന് ദിലീപ് കുറിച്ച ഒറ്റവാചകം പോലെയാണ് സച്ചിയെ ഓര്‍ക്കുമ്പോള്‍ സുഹൃത്തുക്കളുടെയെല്ലാം മനസ്സ്.
''ഇതുവരെ ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ മറുതലക്കല്‍ അറിയാത്ത ഒരാളാണെങ്കില്‍ സച്ചി-സേതുവിലെ സേതുവാണ് ഞാനെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഹൃദയം കൊരുത്തതുപോലെ ഞങ്ങള്‍ ഒരുമിച്ച് കൈപിടിച്ചാണ് സിനിമയുടെ ലോകത്തേക്ക് പ്രവേശിച്ചത്. കൈപിടിച്ച് ഒപ്പം നടത്തിയപ്പോള്‍ സച്ചിയുടെ പ്രതിഭയുടെ ഉള്‍ക്കനം എനിക്കു തൊട്ടറിയാനായിരുന്നു. സച്ചിയുടെ പ്രതിഭയില്‍നിന്ന് ഇനിയുമെത്രയോ മികച്ച സൃഷ്ടികള്‍ പിറക്കാനുണ്ടായിരുന്നു. ഇടവേളയില്‍ തീര്‍ന്ന സിനിമ പോലെ സച്ചി മാഞ്ഞുപോകുമ്പോള് എനിക്ക്...'' സങ്കടത്താല്‍ സേതുവിന് സംസാരം പൂര്‍ത്തിയാക്കാനായില്ല. ഒരുമിച്ച് നടക്കുന്നതിനിടയില്‍ ഒരാള്‍ പൊടുന്നനെ മാഞ്ഞുപോയതിന്റെ അവിശ്വസനീയതയിലാണ് അന്‍വര്‍ സാദത്ത് എം.എല്‍.എ. നെറ്റിയില്‍ ചുംബിച്ച് സച്ചിക്കു വിട നല്കുമ്പോള് സിനിമാ രംഗത്തെ പലരും ഉള്ളുലഞ്ഞ് വിതുമ്പിയതും ആ മനുഷ്യനോടുള്ള ഹൃദയം തൊട്ട അടുപ്പത്തിന്റെ അടയാളം തന്നെയായിരുന്നു. 'സാറേ' എന്നു വിളിച്ച് ഓടിയെത്തി നെഞ്ചുപൊട്ടിക്കരഞ്ഞ നഞ്ചിയമ്മയുടെ കണ്ണീരൊഴുകിയ മുഖം മാത്രം മതിയായിരുന്നു സച്ചി എന്ന മനുഷ്യന്റെ വിയോഗത്തിന്റെ ആഴമറിയാന്‍. ഒരു പുഞ്ചിരിയില്‍ ഒരു ജന്മത്തിന്റെ ഊര്‍ജം പകര്ന്നുതന്നവനെന്നായിരുന്നു നടന് മുകേഷ് സച്ചിയെ വാക്കുകളില്‍ വരച്ചിട്ടത്. കിലുക്കാംപെട്ടി എന്ന വിളി മറക്കാനാകില്ലെന്നും കാതുകളില്‍ ആ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും നടി മിയ കുറിച്ചതും ആ സൗഹൃദത്തിന്റെ തണല്‍ അറിഞ്ഞു തന്നെയായിരുന്നു. തീക്ഷ്ണവും ഗാഢവുമായ സൗഹൃദങ്ങളില്‍ ആനന്ദിച്ചിരുന്ന പച്ചമനുഷ്യനെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. നെറ്റിയില്‍ ചുംബിച്ച് അന്ത്യയാത്രയാക്കുമ്പോള് നിറഞ്ഞ മിഴികളോടെ വിങ്ങിപ്പൊട്ടിയ സംവിധായകന് രഞ്ജിത്തും നടന് സുരേഷ് കൃഷ്ണയുമൊക്കെ ആ മഷിയില്‍ തന്നെയാണ് മനസ്സില്‍ എന്തൊക്കെയോ കുറിച്ചിട്ടത്.
Content Highlights : sachy's death sethu dileep b unnikrishnan nanchiyamma mourn on his demise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..