സിനിമാ പ്രവർത്തകരേയും പ്രേക്ഷകരടെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയാണ് സംവിധായകൻ സച്ചി വിടവാങ്ങിയത്. താൻ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ബ്ലോക്ക്ബസ്റ്ററായി മാറിയത് കണ്ട സന്തോഷത്തോടെ തന്നെ. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയം കാഴ്ച്ചവച്ച ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു കണ്ണമ്മ. നടി ​ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ തീയേറ്ററിൽ കയ്യടി നേടിയത് പൃഥ്വി അവതരിപ്പിക്കുന്ന കോശിയുടെ അഹന്തയുടെ മുനയൊടിക്കുന്ന ഡയലോ​ഗുകളിലൂടെയായിരുന്നു. ഇപ്പോഴിതാ ആ രംഗത്തിന്റെ പിന്നാമ്പുറ കഥ പറയുകയാണ് ​ഗൗരി. ആ സീൻ അത്ര ​ഗംഭീരമായതിന് കാരണം സച്ചി സാർ ആണെന്ന് പറയുകയാണ് ​ഗൗരി. 

​ഗൗരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ
സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് .....
സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട ... അവൾക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ?
ഞാൻ : ആ സാർ മനസിലായി ..
അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്ന പോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു. അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു ..
ഞാൻ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത് ..
സച്ചിയേട്ടൻ അത് എപ്പോഴും പറയും ..ചിലപ്പോ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട് .. പക്ഷെ കാണിക്കില്ല ..
എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല .. ഞാൻ വളരെ കൂൾ ആയിരുന്നു ..
റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..
ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..
രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ ...
കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു..


അപ്പോഴും കാലിന്റെ വേദന സാർ ന് നന്നായിട്ടു ഉണ്ട് ...
അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു ...
ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം ..
തന്റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..
ഏതൊരു രചയിതാവിനും തന്റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു. ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയ്യുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന്, അതിന്റെ കാരണം ഇതുതന്നെ ആണ് ....

Content Highlights : Sachy Gowri Nanda Ayyappanum Koshiyum Prithviraj Biju Menon