'കഥ പറഞ്ഞു ഫലിപ്പിക്കാന്‍ എനിക്കറിയില്ല. പക്ഷേ, എഴുതിഫലിപ്പിക്കാനറിയാം' -അട്ടപ്പാടിയിലെ 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ സെറ്റിലിരുന്ന് സച്ചിദാനന്ദന്‍ എന്ന സച്ചി ഇത് പറയുമ്പോള്‍ അയ്യപ്പന്‍ നായരും കോശി കുര്യനും മുഖാമുഖം നില്‍ക്കുകയായിരുന്നു, തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട്. സച്ചിയുടെ ജീവിതവും ചെറുത്തുനില്‍പ്പിന്റേതും അതിജീവനത്തിന്റേതുമായിരുന്നു. കൊടുങ്ങല്ലൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ സച്ചി മാല്യങ്കര എസ്.എന്‍.എം. കോളേജില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് എല്‍എല്‍.ബി.യും നേടി. പഠനകാലത്തുതന്നെ അമച്വര്‍ നാടകങ്ങളില്‍ സക്രിയമായിരുന്നു.

ആദ്യ സ്വതന്ത്രരചനതന്നെ സൂപ്പര്‍ഹിറ്റ്

മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണിലൂടെയായിരുന്നു ആദ്യ സ്വതന്ത്രരചന. ഒറ്റയ്ക്കുള്ള യാത്രയിലും വിജയം സച്ചിക്കൊപ്പമുണ്ടായിരുന്നു. ബിജുമേനോന്‍, സുരേഷ് കൃഷ്ണ, പി. സുകുമാര്‍ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം തക്കാളി ഫിലിംസിലൂടെ സച്ചി നിര്‍മാണത്തിലേക്കും കടന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ പ്രണയചിത്രം 'അനാര്‍ക്കലി'യിലൂടെ സച്ചി സംവിധാനത്തിലേക്കു കടന്നു.

പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അനാര്‍ക്കലി മലയാളി അന്നുവരെ കാണാത്ത ലക്ഷദ്വീപ് കാഴ്ചകളിലേക്കുള്ള വാതില്‍കൂടിയായിരുന്നു. രചയിതാവ് എന്നനിലയില്‍ സച്ചിയുടെ മൂല്യം വര്‍ധിച്ച ചിത്രമാണ് ദിലീപിന്റെ രാമലീല. സൈബര്‍ ആക്രമണങ്ങള്‍ക്കുവിധേയമായുംമറ്റും പ്രതികൂല കാലാവസ്ഥയില്‍ പ്രദര്‍ശനത്തിനെത്തേണ്ടിവന്നിട്ടും ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ക്ലൈമാക്‌സിലെ ട്വിസ്റ്റ് വിജയത്തിന് മുതല്‍ക്കൂട്ടാകുകയായിരുന്നു.

രാമലീലയ്ക്കുശേഷം എഴുത്തിനായി സിനിമയില്‍നിന്ന് ഇടവേളയെടുത്ത സച്ചി രണ്ട് ഹിറ്റുകളുമായി തിരിച്ചുവന്നു. പൃഥ്വിരാജ് നായകനായ 'ഡ്രൈവിങ് ലൈസന്‍സി'ന്റെ കഥയും തിരക്കഥയും സച്ചിയുടേതായിരുന്നു. പൃഥ്വിരാജിനെയും ബിജുമേനോനെയും തുല്യപ്രാധാന്യത്തില്‍ അവതരിപ്പിച്ച 'അയ്യപ്പനും കോശിയു'മാണ് സച്ചിയുടെ സംവിധാനത്തിലെത്തിയ രണ്ടാംചിത്രം.

സച്ചി എഴുതിയ തിരക്കഥകളില്‍ പകുതി സിനിമകളിലും പൃഥ്വിരാജായിരുന്നു പ്രധാനവേഷത്തില്‍. ഏറ്റവും എളുപ്പത്തില്‍ സമീപിക്കാവുന്ന നടനാണ് പൃഥ്വിയെന്ന് സച്ചി പലവട്ടം പറഞ്ഞിട്ടുണ്ട്. ജയന്‍ നമ്പ്യാര്‍ സംവിധാനംചെയ്യുന്ന സച്ചിയുടെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍. എന്നും സിനിമകളുടെ ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ക്കായി ഒരു സസ്‌പെന്‍സ് സച്ചി കരുതിവെക്കാറുണ്ട്. അതിനെക്കുറിച്ച് സച്ചിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. ''ഞാന്‍ ഹൈക്കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. ഒരു കേസ് ചെയ്യുമ്പോള്‍ യുക്തികൂടാതെ അതിനെ സമീപിക്കാന്‍ പറ്റില്ല. അതിനാല്‍ തിരക്കഥ എഴുതുമ്പോഴും യുക്തിയുള്ള കാര്യങ്ങള്‍മാത്രമാണ് എഴുതുക. തിരക്കഥയില്‍ ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സന്ദര്‍ഭങ്ങള്‍ വേണം. അവസാനമെത്തുമ്പോള്‍ പ്രേക്ഷകന് ഒരു സര്‍പ്രൈസ് കൊടുക്കുക. ആ ത്രില്ലിങ് ഫാക്ടര്‍ പലപ്പോഴും എന്റെ ഉള്ളിലുള്ള വക്കീലിന്റെ സൃഷ്ടിയായിരിക്കാം. കൊമേഴ്‌സ്യല്‍ സിനിമയില്‍ അങ്ങനെയൊരു സര്‍പ്രൈസ് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'' -സച്ചിയുടെ വാക്കുകള്‍ ഇങ്ങനെ.

സച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോഴും അത്തരമൊരു ട്വിസ്റ്റ് എല്ലാ സിനിമാപ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു. മരണത്തിന് പിടികൊടുക്കാതെ ഒരു അദ്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്. എന്നാല്‍, ജീവിതത്തില്‍ ട്വിസ്റ്റുകള്‍ക്ക് ഇടനല്‍കാതെ സച്ചി യാത്രയായി.

കോടതിമുറിയില്‍നിന്ന് ക്യാമറയ്ക്കുപിന്നിലേക്ക്

സ്വപ്നംകണ്ട പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം ഉപേക്ഷിച്ച ബി.കോം ബിരുദധാരി ഹൈക്കോടതി വക്കീലായതും കോടതിമുറിയില്‍നിന്ന് തിരക്കഥയുടെ ലോകത്തേക്കെത്തുന്നതും സിനിമാക്കഥ പോലെയായിരുന്നു. കോടതിമുറിയില്‍നിന്ന് സിനിമയിലേക്കെത്തിയ സച്ചിക്ക് കന്നി അനുഭവങ്ങളും അത്ര ആഹ്ലാദകരമായിരുന്നില്ല. സംവിധാനംചെയ്യാനിരുന്ന ആദ്യസിനിമ പൂജയ്ക്കുശേഷം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടുള്ള കുതിപ്പ് അതിവേഗമായിരുന്നു.

വാണിജ്യഘടകങ്ങള്‍ കൃത്യമായി ചേര്‍ത്തുള്ള രചനകളാണ് സച്ചിയെന്ന രചയിതാവിനെയും സംവിധായകനെയും പ്രേക്ഷകരോട് ചേര്‍ത്തുനിര്‍ത്തിയത്. സച്ചിയും സേതുവും ചേര്‍ന്നായിരുന്നു എഴുത്തിന്റെ തുടക്കം. മൂന്നുമാസംകൊണ്ടാണ് സച്ചി-സേതു ടീം ഷാഫിക്കുവേണ്ടി 'ചോക്ലേറ്റി'ന്റെ രചന പൂര്‍ത്തിയാക്കിയത്. പൃഥ്വിരാജ് നായകനായ ചിത്രം കാമ്പസുകളില്‍ തരംഗമായി.

ജോഷിയുടെ സംവിധാനത്തില്‍ റോബിന്‍ഹുഡ്, ഷാഫിക്കൊപ്പം മേക്കപ്പ്മാന്‍, വൈശാഖുമായി ചേര്‍ന്ന് സീനിയേഴ്‌സ് എന്നിങ്ങനെ ഹിറ്റുകളുടെ പരമ്പര സച്ചിയെയും സേതുവിനെയും മലയാളത്തിലെ തിരക്കുള്ള രചയിതാക്കളാക്കി മാറ്റി.

എഴുത്തിലെ കൂട്ടുകെട്ടിനെക്കുറിച്ചും പിന്നീട് വേര്‍പിരിഞ്ഞ് സ്വതന്ത്ര രചയിതാക്കളും സംവിധായകരുമായതിനെക്കുറിച്ചും സച്ചിക്ക് കൃത്യമായ അഭിപ്രായമുണ്ടായിരുന്നു. ഒരിക്കല്‍ അതേക്കുറിച്ചുചോദിപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''എനിക്കും സേതുവിനും പലപ്പോഴും രണ്ടഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെമുകളില്‍ ഞങ്ങള്‍ തര്‍ക്കിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും യോജിക്കാന്‍പറ്റുന്ന ഇടങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഇത്രയും വിജയസിനിമകള്‍ ഉണ്ടായത്. സ്വതന്ത്ര രചയിതാക്കളായതോടെ തര്‍ക്കത്തിന്റെ പ്രശ്‌നം ഇല്ലാതായി. എന്റെ ശരികള്‍ എനിക്ക് എഴുതാനായി. വേര്‍പിരിയല്‍ എനിക്കും സേതുവിനും ഗുണകരമായി. ഞങ്ങള്‍ പിരിയാനായി ഒന്നിച്ചവരായിരുന്നു. കാരണം, രണ്ടുപേരുടെയും സിനിമാസങ്കല്‍പ്പങ്ങള്‍ വേറെവേറെയായിരുന്നു. അതിനാല്‍ പിരിയല്‍ ഒരിക്കലും ഞങ്ങളില്‍ പ്രതിബന്ധങ്ങള്‍ തീര്‍ത്തിട്ടില്ല.''

Content Highlights : sachy director passes away ayyapanum koshiyum movie anarkkali driving license