മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയാണ് പ്രിയ സംവിധായകൻ സച്ചി ലോകത്തോട് വിട പറഞ്ഞത്. ചെയ്യാനായി ഒട്ടേറെ സിനിമകൾ ബാക്കി വച്ചായിരുന്നു സച്ചിയുടെ മടക്കം. ഡിസംബർ 25 സച്ചിയുടെ ജന്മദിനം കൂടിയാണ്. ഈ ദിവസത്തിൽ മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്മാരും ഒത്തുചേർന്ന് സച്ചിയുടെ ഓർമ്മയ്ക്കായി ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

"സച്ചി ക്രിയേഷൻസ് " എന്ന പേരിലുള്ള പ്രൊഡക്ഷൻ ഹൗസ് മലയാള സിനിമാ ലോകം മുഴുവൻ ഒത്തുചേർന്ന് ലോഞ്ച് ചെയ്തു. സച്ചിയുടെ അടുത്ത സുഹൃത്തും നടനുമായ പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ സച്ചി ക്രിയേഷൻസിനെ പരിചയപ്പെടുത്തുന്നുണ്ട്.

“നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബർ 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്മെന്റ് നടത്തുകയാണ് സച്ചി ക്രിയേഷൻസ് (Sachy Creations). ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.” പൃഥ്വി കുറിച്ചു.

പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെയായിരുന്നു സച്ചിയുടെ മരണം സംഭവിക്കുന്നത്.

Content Highlights :Sachy Creations Launch In memory of director Sachy Prithviraj Ayyappanum Koshiyum Movie