ളനിയോട് ചേർന്നുള്ള ആയക്കുടി ഗ്രാമം. കത്തുന്ന വെയിലിൽ വിണ്ടുകീറിയ നാട്ടിടവഴികൾ, ഇടയ്ക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ്. പ്രതികൂലകാലാവസ്ഥകളെല്ലാം തള്ളിമാറ്റി ഗ്രാമവാസികൾ കാഴ്ചകാണാൻ തിക്കും തിരക്കും കൂട്ടുകയാണ്. കൊയ്ത്തുകഴിഞ്ഞ പാടത്തിന്‌ നടുവിലായി സിനിമയ്ക്കായി ഉയർന്ന പോലീസ്‌ സ്റ്റേഷൻ. ഇഷ്ടികയും പ്ലൈവുഡും കൊണ്ട്‌ തീർത്ത കെട്ടിടം കാഴ്ചയിൽ യാഥാർഥ സ്റ്റേഷനെ കവച്ചുവയ്ക്കും. ലോക്കപ്പും കൂറ്റൻ തൂണുകളും ചുറ്റുമതിലും സ്റ്റേഷനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങളുമെല്ലാമായി സെറ്റിനായി ലക്ഷങ്ങളാണ് പൊടിച്ചിരിക്കുന്നത്.

സ്റ്റേഷൻ വളഞ്ഞ മല്ലൻമാരെ വിരട്ടിയോടിക്കാനായി വാതിൽ തള്ളിത്തുറന്ന് ഡി.സി.പി. ആറുസാമി പുറത്തേക്കുവരുന്നു, കൺമുന്നിലേക്ക് പോലീസ് വേഷത്തിലെത്തിയ വിക്രത്തെ കണ്ട് ആൾക്കൂട്ടം ഇളകിമറിഞ്ഞു. മല്ലൻമാരോട് ഒന്നും രണ്ടും പറഞ്ഞ് കയർത്ത നായകൻ ചവിട്ടുപടിയിൽ വെച്ചിരുന്ന ചെടിച്ചട്ടികളിലൊന്നെടുത്ത് ഗുണ്ടകളിലൊരാളുടെ  തലയ്ക്കടിക്കുന്നതോടെ സംഘട്ടനത്തിന് തുടക്കമായി.
സ്റ്റേഷന്റെ മുൻവശത്ത് ക്യാമറക്കാഴ്ചയിൽനിന്ന്‌ മാറി രണ്ട്‌ ക്രെയിനുകൾ നിർത്തിയിട്ടിട്ടുണ്ട്. അതിൽനിന്ന്‌ താഴേക്ക് ഇറക്കിയ കയറുകളിൽ പലതും ഗുണ്ടകളുടെ അരയിലും നെഞ്ചിലുമെല്ലാമുള്ള ക്ലാമ്പുകളിൽ കൊളുത്തിയിട്ടുണ്ട്. ആറുസാമിയുടെ അടിയേറ്റ്  മല്ലൻമാർ പറന്നുവീഴുകയാണ്. വീഴ്ചയിൽ പരിക്കേൽക്കാതിരിക്കാൻ സ്റ്റേഷന്റെ മുൻവശമെല്ലാം മുൻകൂട്ടി ജെ.സി.ബി. ഉപയോഗിച്ച്‌ കുഴിച്ചെടുത്ത് അവിടങ്ങളിൽ കിടക്കവിരിച്ചിട്ടുണ്ട്. കിടക്കകൾക്കു മീതെ കാഴ്ചയിൽ  നിലമെന്ന് തോന്നിക്കുന്ന വിധത്തിൽ മണ്ണ് വിതറിയിട്ടുണ്ട്. അടിയേറ്റ് മല്ലൻമാർ തെറിച്ചുവീഴുന്നതെല്ലാം ഈ കിടക്കകളിലേക്കാണ്.

പളനിയെ വിറപ്പിച്ച് ആറുസാമി അലറിവിളിക്കുകയാണ്. 2003-ൽ തിയേറ്റർ വെടിക്കെട്ടുതീർത്ത വിക്രംചിത്രം സാമിയുടെ തുടർച്ചയായാണ് 'സാമിസ്‌ക്വയർ' എത്തുന്നത്. പോലീസ്  ഡെപ്യൂട്ടി കമ്മിഷണർ  ആറുസാമിയുടെ വേഷത്തിൽ വിക്രം വീണ്ടും വരുന്നു. 
പുതിയ തട്ടകത്തിൽ ഡി.സി.പി. അല്പംകൂടി കരുത്താനാണെന്ന് വിക്രം പറഞ്ഞു. ''സാമി വൻവിജയം ആയപ്പോൾതന്നെ ചിത്രത്തിനൊരു രണ്ടാംഭാഗം ആലോചിച്ചിരുന്നു. എന്നാൽ ശക്തമായൊരു കഥയ്ക്കൊപ്പം മാത്രമേ ആറുസാമിയെ വീണ്ടും കൊണ്ടുവരേണ്ടതുള്ളു എന്ന് സംവിധായകൻ ഹരിയും ഞാനും അന്നേ തിരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് രണ്ടാംവരവിന് ഇത്രകാലതാമസമെടുത്തത്.’’  പോലീസ് യൂണിഫോമിൽ സ്റ്റേഷനകത്തിരുന്ന് വിക്രം വിശേഷങ്ങൾ പങ്കുവെച്ചു.

രണ്ടാംവരവിൽ ആറുസാമിയുടെ ലുക്കിനും മാനറിസങ്ങൾക്കും മാറ്റമില്ല. തമിഴ് ആക്ഷൻ സിനിമകളുടെ പതിവുതാളത്തിൽ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന ഒരു ഹരിചിത്രം തന്നെയാകും സാമിസ്‌ക്വയർ. പളനിയിൽ സാമി നടത്തുന്ന വേട്ടതന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ഹരി പറഞ്ഞു. സൂര്യയെ നായകനാക്കി  സിങ്കം പരമ്പരകൾ ഒരുക്കിയ കോളിവുഡിലെ ഹിറ്റ് മേക്കറാണ് ഹരി. സ്റ്റണ്ട് സിൽവയാണ് സംഘട്ടനരംഗങ്ങൾക്ക് ചുക്കാൻപിടിക്കുന്നതത്. കീർത്തി സുരേഷാണ്‌ വിക്രത്തിന്റെ നായിക. ഐശ്വര്യാ രാജേഷ്, പ്രഭു, ബോബി സിൻഹ എന്നിവർ ചിത്രത്തിൽ  പ്രധാന വേഷത്തിലുണ്ട്. ഷിബു തമീസ്‌ നിർമിക്കുന്ന ചിത്രം ഓഗസ്റ്റിൽ  പ്രദർശനത്തിനെത്തും.