Movie poster
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.
'CLIMAX ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു... #RRRMovie #RRR' എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചത്.
ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.
2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
Content highlights : s.s. rajamouli upcoming movie RRR climax shoot begun starring ram charan and junior ntr
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..