ബാഹുബലിക്കു ശേഷം എസ് എസ് രാജമൗലി അടുത്ത ബ്രഹ്‌മാണ്ഡ ചിത്രം കൂടി സംവിധാനം ചെയ്യുമെന്നുള്ള വാര്‍ത്ത കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. ചിത്രമേതെന്നും അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയെന്നുമുള്ള വിശേഷങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. വ്യാഴാഴ്ച്ച നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

ആര്‍ ആര്‍ ആര്‍ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ബജറ്റ് കണക്കാക്കുന്നത്. 2020 ജൂലൈ 30ന് റിലീസ് ആകുമെന്നും കരുതുന്നു. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിലെത്തുമെന്നതാണ് മറ്റൊരു സവിശേഷത. ആലിയ ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലഭിനയിക്കുകയാണ്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുക. ബോളിവുഡില്‍ നിന്നും അജയ് ദേവഗണും ആര്‍ ആര്‍ ആറിലെത്തും. 

rajamoulialia bhatt

ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും. വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ഒഴികെയുള്ള പതിപ്പുകളിലെ പേരുകളെന്തെന്ന് തീരുമാനമായിട്ടില്ല. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിര്‍വഹിക്കും.

Content Highlights : RRR big budget film, S S Rajamouli director, Alia Bhatt