പ്രശസ്ത ​ഗായിക എസ്.ജാനകി മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പലരും ജാനകിയമ്മയ്ക്ക് ആദരാഞ്ജലി നേരുകയും ചെയ്തു. ഈ വ്യാജ പ്രചാരണങ്ങൾക്കെതിരേ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം. 

എസ്.ജാനകിയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ച് നിരവധി കോളുകളാണ് തനിക്ക് ലഭിച്ചതെന്നും ഇത് എന്ത് അസംബന്ധമാണെന്നും എസ്.പി.ബി ചോദിക്കുന്നു. താൻ ജാനകിയമ്മയെ വിളിച്ച് സംസാരിച്ചുവെന്നും അവർ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എസ്.പി.ബി. വ്യക്തമാക്കി.

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വാക്കുകൾ:

‘ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചുകൊണ്ട് ഇന്നു രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്കു ലഭിച്ചത്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്.

ഞാൻ അമ്മയെ വിളിച്ചു സംസാരിച്ചു. അവർ ആരോഗ്യത്തോടെയിരിക്കുന്നു. കലാകാരന്മാരെ ഹൃദയം തുറന്ന് സ്നേഹിക്കുന്നവർക്ക് ഇത് പോലുള്ള വാർത്തകൾ ഹൃദയം തകർക്കും.  എന്തുകൊണ്ടാണ് ചില ആളുകൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്? ദയവായി സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കൂ. ഇതു പ്രചരിപ്പിച്ചവരോട് ഇത്തരം പ്രവണതകൾ ഒഴിവാക്കൂ എന്നു ഞാൻ അഭ്യർഥിക്കുകയാണ്’

Content Highlights : S.P Balasubrahmanyam against fake news on Janaki Amma