തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ 'സമം' നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസമാണ് എസ് ജാനകി മരിച്ചെന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്‌കാരസമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ പിന്നാലെ പ്രചരിച്ച് തുടങ്ങി. ഏതാനും മാസം മുന്‍പ്, ജാനകി പാട്ട് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയും ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. സിനിമാ മേഖലയിലെ പലരുടെയും വ്യാജമരണ വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് പതിവായത് കണക്കിലെടുത്താണ് ചലച്ചിത്ര പിണണി ഗായകരുടെ കൂട്ടായ്മയായ 'സമം' ഡി.ജി.പിക്ക് പരാതി നല്‍കിയത്.

വ്യാജ സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ച് തുടങ്ങിയവരെയും കണ്ടെത്താനാവശ്യപ്പെട്ടാണ് അന്വേഷണം സൈബര്‍ ക്രൈം ഡിവൈ.എസ്പിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തിയ ശേഷം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാനുമാണ് ഡി.ജി.പിയുടെ നിര്‍ദേശം.

Content highlights : s janaki fake death news complaint lodged