സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. 

ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലിയായിരുന്നില്ല ഈ എതിര്‍പ്പുകള്‍, പേരിനെ ചൊല്ലിയായിരുന്നു. സെക്സി ദുര്‍ഗ എന്ന് പേര് നല്‍കിയിരുന്ന ചിത്രം കടുത്ത എതിര്‍പ്പുകളെ തുടര്‍ന്നാണ് എസ് ദുര്‍ഗ എന്നാക്കി മാറ്റിയത്. എങ്കില്‍ പോലും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും ആരോപിച്ച് ദുര്‍ഗ എന്ന പേര് മാറ്റണമെന്ന് നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.  

രോഷത്തിന്റെ പുറത്ത് ദുര്‍ഗ എന്ന പേര് മാറ്റി സംവിധായകന്റെ അമ്മയുടേയോ ഭാര്യയുടെയോ പേര് നല്‍കാന്‍ പറഞ്ഞും നിരവധി പ്രതികരണങ്ങളാണ് വന്നത്. അത്തരം പ്രതികരണങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.
 
തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ഭാര്യയുടെ പേര് പാര്‍വതി എന്നാണെന്നും ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയാല്‍ നിങ്ങള്‍ക്ക് പൊറുക്കാനാകുമോ എന്ന ചോദ്യവുമായാണ് സനല്‍ രംഗത്തെത്തിയിരിക്കുന്നത്. 

സനലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :

സെക്‌സി എന്ന വാക്കിനൊപ്പം എന്റെ അമ്മയുടെയോ ഭാര്യയുടെയോ പേര് ചേര്‍ത്ത് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്ന നിഷ്‌കളങ്കരോട് എനിക്ക് സഹതാപം തോന്നുന്നു. എന്റെ അമ്മയുടെ പേര് സരസ്വതി, ഭാര്യയുടെ പേര് പാര്‍വതി.. ഇവരുടെ പേര് എന്റെ സിനിമയ്ക്കിട്ടാല്‍ നിങ്ങള്‍ക്ക് പൊറുക്കാനാകുമോ? - സനല്‍ കുമാര്‍ കുറിച്ചു 

sanal kumar

Content Highlights : Sanal Kumar Sasidharan replies back to those people who ask to replace the name Durga in his film. Sanal Kumar Sasidharan Sexy Durga, S Durga