രാകേഷ് റോഷന്റെ മകളും ഹൃത്വിക് റോഷന്‍ സഹോദരിയുമായ സൂനൈന റോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മനസ്സു തുറന്ന് കാമുകന്‍ രുഹാലി അമിന്‍. രുഹാലിയുമായുള്ള ബന്ധം അറിഞ്ഞ രാകേഷ് റോഷന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് സൂനൈന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രുഹാലി മുസ്ലീം ആയതുകൊണ്ട് കുടുംബം അംഗീകരിക്കുന്നില്ല എന്ന് സൂനൈന വെളിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അതെക്കുറിച്ച് പ്രതികരിച്ചത്. 

''വളരെ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഞാന്‍ മുസ്ലീം ആയതുകൊണ്ട് എങ്ങനെ തീവ്രവാദിയാകും. ഞാനും സൂനൈനയും തമ്മിലുള്ള ബന്ധം ഒരിടയ്ക്ക് നിന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമൂഹിക മാധ്യമത്തിലൂടെ ഞങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. 

ഞാനുമായുള്ള സുനൈനയുടെ സൗഹൃദം അവരുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. അത് അവള്‍ എന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ വിശ്വസിക്കാനാകാതെ ഞാന്‍ ഞെട്ടിത്തരിച്ചു. കാരണം ഹൃത്വിക് വിവാഹം ചെയ്തത് ഒരു മുസ്ലീം യുവതിയെയാണ് (സൂസാനെ ഖാന്‍, ഹൃത്വികിന്റെ മുന്‍ഭാര്യ). സൂനൈനയുടെ കാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാകുന്നില്ല. 

സൂനൈനക്ക് അവളുടെ ജീവിതം വീണ്ടും തുടങ്ങണം. അവളുടെ കുടുംബത്തിന്റെ പിന്തുണയോടെ''- രുഹാലി അമിന്‍ പറഞ്ഞു.

Content Highlights: Ruhail Amin sunaina roshan boyfriend talks about controversies hrithik rakesh roshan sussanne khan