സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലി ചിത്രം രുധിരം രണം രൗദ്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആവേശമുണർത്തുന്ന രം​ഗങ്ങൾ നിറഞ്ഞതാണ് ട്രെയിലർ. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

രാമരാജുവായി രാം ചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറും വേഷമിട്ടിരിക്കുന്നു. അജയ് ദേവ്​​ഗൺ, ആലിയാ ഭട്ട്, ശ്രീയ ശരൺ, സമുദ്രക്കനി, ഒലിവിയ മോറിസ്, എന്നിവരും താരനിരയിലുണ്ട്. അജയ് ദേവ്​​ഗൺ, ആലിയാ ഭട്ട് എന്നിവർ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് രുധിരം രണം രൗദ്രം. ​

വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് സംവിധായകൻ രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കെ.കെ. സെന്തിൽ കുമാർ ക്യാമറയും എം.എം. കീരവാണി സം​ഗീതസംവിധാനവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കിങ് സോളമനാണ് സംഘട്ടന സംവിധാനം. ഡി.വി.വി എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡി.വി.വി ദാനയ്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ 2022 ജനുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. ഐ മാക്സിലും ത്രീഡിയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

Content Highlights: RRR trailer, NTR, Ram Charan, Ajay Devgn, Alia Bhatt, SS Rajamouli