ആർ.ആർ.ആർ നിർമാതാവ് ഡി.വി.വി ദാനയ്യ, നാട്ടു നാട്ടു ഗാനത്തിൽ നിന്ന് | ഫോട്ടോ: എ.എൻ.ഐ, പി.ടി.ഐ
95-ാം ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ഇന്ത്യക്ക് അഭിമാനമായ ചിത്രങ്ങളായിരുന്നു ദ എലിഫന്റ് വിസ്പറേഴ്‌സും ആര്‍.ആര്‍.ആറും. ഇതില്‍ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം. അവാര്‍ഡ് സ്വന്തമാക്കിയതിനു പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടായിരുന്നു ഓസ്‌കര്‍ ക്യാംപെയിന് രാജമൗലിയും സംഘവും കോടികളാണ് മുടക്കിയത് എന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് ആര്‍.ആര്‍.ആറിന്റെ നിര്‍മാതാവ്.
ആര്‍.ആര്‍.ആറിന്റെ ഓസ്‌കര്‍ ക്യാംപെയിന്റെ ഭാഗമായി 80 കോടി രൂപയാണ് അണിയറപ്രവര്‍ത്തകര്‍ മുടക്കിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം റിപ്പോര്‍ട്ടുകളെ തള്ളുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ഡി.വി.വി ദാനയ്യ. ഓസ്‌കര്‍ ക്യാംപെയിനുവേണ്ടി ചെലവാക്കിയ തുകയേക്കുറിച്ച് കേട്ടതായി ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. താന്‍ ഇതിനുവേണ്ടി ഒരു ചില്ലിക്കാശുപോലും നല്‍കിയിട്ടില്ല. എന്താണ് ശരിക്കും നടന്നതെന്ന് അറിയില്ല. പക്ഷേ, ഒരാള്‍പോലും അവാര്‍ഡിനു വേണ്ടി 80 കോടി രൂപ മുടക്കില്ല. അങ്ങനെ മുടക്കിയിട്ട് ഒരു ലാഭവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.ആര്‍.ആര്‍. ഓസ്‌കറിനെത്തിയപ്പോള്‍ മറ്റു ചില പ്രചരണങ്ങളും ഉണ്ടായിരുന്നു. പുരസ്‌കാരവിതരണ ചടങ്ങിലേക്ക് നാട്ടു നാട്ടുവിന്റെ രചയിതാവ് ചന്ദ്രബോസ്, സംഗീതസംവിധായകന്‍ എം.എം. കീരവാണി എന്നിവര്‍ക്ക് മാത്രമാണ് സൗജന്യപ്രവേശനം ലഭിച്ചുള്ളൂവെന്നും സംവിധായകന്‍ രാജമൗലി, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവര്‍ക്ക് 20 ലക്ഷം രൂപയാണ് നല്‍കേണ്ടി വന്നതെന്നുമായിരുന്നു പ്രചരിച്ച ഒരു വാര്‍ത്ത. ഇത് പക്ഷേ ആ സമയത്തുതന്നെ ആര്‍.ആര്‍.ആര്‍. ടീം നിഷേധിച്ചിരുന്നു. അതേസമയം, ചിത്രം വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ താരങ്ങള്‍ക്കും സംവിധായകനുമൊപ്പം നിര്‍മാതാവ് ദാനയ്യ ഇല്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
രാംചരണ്‍, ഭാര്യ ഉപാസന കൊനിഡേല, രാജമൗലി, ഭാര്യ രമ, ജൂനിയര്‍ എന്‍.ടി.ആര്‍., കീരവാണി, ചന്ദ്രബോസ് എന്നിവര്‍ക്കൊപ്പം നാട്ടു നാട്ടു ഗാനം ആലപിച്ച രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് നാട്ടു നാട്ടു എന്ന ഗാനം വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ചിത്രംകൂടിയാണ് ആര്‍.ആര്‍.ആര്‍.
Content Highlights: rrr producer dvv danayya responding on newses about rrr oscar campaign, 95th oscar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..