ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർആർആർ. രാം ചരൺ തേജയും ജൂനിയർ എൻടിആറും കോന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഈ ബി​ഗ് ബഡ്ജറ്റ് ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്​ഗണും പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്നതും പ്രത്യേകതയാണ്. 

അല്ലൂരി സീതാരാമ രാജു, കൊമാരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ക്യാരക്ടർ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതും വാർത്തയായി. ടീസറിൽ കൊമാരം ഭീം പരമ്പരാഗത മുസ്ലീം വേഷത്തിലെത്തിയതിനെതിരേയാണ് വിമർശനങ്ങൾ ഉയർന്നത്.

കൊമാരം ഭീമിന്റെ കൊച്ചുമകൻ സോനെ റാവുവും ഇതിനെ എതിർത്തു കൊണ്ട് രം​ഗത്ത് വരികയുണ്ടായി. എന്നാൽ രാജമൗലിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇക്കാര്യത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നില്ല. ഇപ്പാൾ ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ കെവി വിജയേന്ദ്ര പ്രസാദ്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് കൊമാരം ഭീമിന്റെ വിവാദ ​ഗെറ്റപ്പിനെ അദ്ദേഹം സംസാരിച്ചത്.

ഹൈദരാബാദ് നിസാം വേട്ടയാടിയിരുന്ന വ്യക്തിയായിരുന്നു കൊമാരം ഭീം. ശത്രുവിൽ നിന്ന് മറഞ്ഞിരിക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം ശത്രുവിനെ പോലെ വേഷം ധരിക്കുക എന്നതാണ്. അതിനാലാണ് ഭീം തലയിൽ  തൊപ്പി വയ്ക്കുന്നത്. വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി. 

ബാഹുബലിക്ക്  ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 

450 കോ‌‌‌ടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.  ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

Content Highlights : RRR KV Vijayendra Prasad reveals why Komaram Bheem wears the muslim cap in the teaser