RRR
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ റെക്കോഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് വരുമാനം നേടിയത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇന്ത്യയൊട്ടാകെ ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. റിലീസിന്റെ തലേന്നു തന്നെ തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയേറ്ററുകളില്‍ ഏതാണ്ട് ബുക്കിങ് പൂര്‍ണമായി അവസാനിച്ചിരുന്നു.
1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ടിആറാണ്. 550 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിവിവി ദാനയ്യയാണ്.
എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. സംഗീതം എം.എം കീരവാണി, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 550 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
Content Highlights: RRR First day Box Office collection, Rajamouli, Ram Charan Junior NTR, Alia Bhatt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..