യരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിടാനൊരുങ്ങുന്നു. യുവനടന്‍ ടൊവിനോ തോമസ് തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് പോസ്റ്റര്‍ പുറത്ത് വിടുമെന്ന് ജയരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

2018ല്‍ കേരളം അതിജീവിച്ച പ്രകൃതിയുടെ സംഹാരതാണ്ഡവമായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയരാജ് തന്നെ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, കെപിഎസി ലീല, സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു. 

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ്‌ പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. 

രഞ്ജി പണിക്കര്‍ കേന്ദ്രകഥാപാത്രമായെത്തിയ ഭയാനകമായിരുന്നു ജയരാജിന്റെ അവസാന ചിത്രം. 2017 ല്‍ മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ (നിഖില്‍.എസ് പ്രവീണ്‍) എന്നീ വിഭാഗങ്ങളില്‍ ചിത്രം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സംഗീതത്തിനടക്കം (എം.കെ അര്‍ജുനന്‍) രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചിത്രം നേടി. 

കേരളക്കരയെ പിടിച്ചുലച്ച രണ്ട് സംഭവങ്ങളാണ് 2018 ല്‍ അരങ്ങേറിയത്. ആദ്യത്തേത് നിപ വൈറസ് ഭീതിയും രണ്ടാമത്തേത് പ്രളയവുമാണ്. നിപ അതിജീവനത്തെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസ് മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. 

Content Highlights: roudram jayaraj movie, on kerala flood 2018, first look poster to be released by tovino thomas, renji panicker