മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോറ്റായ റൂട്ട്‌സ് അവതരിപ്പിച്ച് എം.ടി. വാസുദേവന്‍ നായര്‍. കൊച്ചിയില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ ഓണ്‍ലൈന്‍ വഴിയാണ് എംടി പങ്കെടുത്തത്.

സിനിമ, വെബ് സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോസ്, ഇന്റര്‍വ്യൂസ് തുടങ്ങിയവയെല്ലാം റൂട്ട്‌സില്‍ ഉണ്ടാകും. പ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് ദൃശ്യഭാഷ നല്‍കുക, മലയാളികള്‍ക്ക് മുന്നില്‍ ലോക സിനിമയുടെ വാതായനം തുറക്കുക, പ്രാദേശിക ഭാഷാ ചിത്രങ്ങളും കലാരൂപങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയും റൂട്ട്‌സിന്റെ ലക്ഷ്യങ്ങളാണെന്ന് ഡയറക്ടര്‍ ഡോ. ആശാ നായര്‍ പറഞ്ഞു. സംവിധായകന്‍ ജയരാജാണ് റൂട്ട്‌സിന്റെ മാനേജിങ് ഡയറക്ടര്‍.

ലോക ക്ലാസിക് സിനിമകളും പഴയകാല ഹിറ്റ് മലയാള ചിത്രങ്ങളും റൂട്ട്‌സില്‍ കാണാം. കാളിദാസ് നായകനാവുന്ന ബാക്ക്പാക്കേഴ്‌സ് എന്ന ചിത്രമാണ് പ്ലാറ്റ്‌ഫോമിലെ ആദ്യ റിലീസ്. ഫെബ്രുവരി അഞ്ചിനാണ് ചിത്രം എത്തുക.

സിനിമയെയും സംസ്‌കാരത്തെയും പ്രകൃതിയെയും ഒന്നിച്ചു ചേര്‍ക്കുന്നു എന്നതാണ് റൂട്ട്‌സിനെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓരോ പുതിയ സബ്‌സ്‌ക്രൈബറെയും ഒരു മരം നട്ടു കൊണ്ടായിരിക്കും സ്വാഗതം ചെയ്യുക. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ചെടിയ്ക്ക് വെള്ളമൊഴിച്ചു കൊണ്ടായിരുന്നു ജയറാമും പാര്‍വതിയും ചേര്‍ന്ന് റൂട്ട്‌സിന്റെ ലോഗോ പ്രകാശനം ചെയ്തത്.

Content Highlights: Roots OTT Platform Malayalam Cinema Launced by MT Vasudevan Nair Kalidas Jayaram