'രോമാഞ്ചം' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/soubinshahirofficial
ബാച്ച്‍ലർ ലൈഫിന്‍റെ രസങ്ങളും തോന്നാസ്യങ്ങളും കുസൃതികളുമൊക്കെ നിറച്ച സിനിമകൾ നിരവധി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അത്തരം സിനിമകളിലൊക്കെ ഇല്ലാതിരുന്നയൊന്ന് 'പ്രേതങ്ങളുടെ സാന്നിധ്യ'മായിരുന്നു. ഇപ്പോഴിതാ ഒരു ആത്മാവും ഏഴ് ബാച്ച്‍ലേഴ്സും ചേർന്ന് മലയാളികളെ കുടുകുടെ ചിരിപ്പിച്ച് മുന്നേറുകയാണ് 'രോമാഞ്ച'ത്തിലൂടെ. റിലീസ് ചെയ്ത് രണ്ട് ദിനത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷഭിപ്രായം നേടിയിരിക്കുകയാണ് 'രോമാഞ്ചം'.
ബെംഗളൂരു നഗരത്തിന്‍റെ ഒരറ്റത്ത് ബാച്ചിലര്‍ ജീവിതം നയിക്കുന്ന ഏഴ് യുവാക്കളും അവര്‍ക്കിടയിലേക്ക് കടന്നെത്തുന്ന ഒരു ഓജോ ബോര്‍ഡും ഒരു ആത്മാവും അതുമൂലമുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയെന്ന് ചുരുക്കി പറയാം. ഓജോ ബോര്‍ഡ് തരംഗമായി മാറിയ കാലത്തിന് പിന്നാലെ 2007ല്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി തന്നെയാണ് സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ജിത്തു മാധവൻ സിനിമയൊരുക്കിയിരിക്കുന്നത്.
സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ്, സജിൻ ഗോപു തുടങ്ങിയവർ മാത്രമാണ് സിനിമയിൽ പരിചിതമായ മുഖങ്ങൾ. ബാക്കിയെല്ലാവരും അപ്പൂപ്പൻ ആൻഡ് ബോയ്സ്, ഒതളങ്ങതുരുത്ത് തുടങ്ങിയ വെബ് സീരീസുകളിലും മറ്റുമൊക്കെ കണ്ട് പരിചയമുള്ള അഭിനേതാക്കളാണ്. ഇവരെല്ലാവരും ചേർന്ന് ഒരു അസ്സൽ ചിരി വിരുന്നാണ് രോമാഞ്ചത്തിലൂടെ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷം വന്നിരിക്കുന്നൊരു ഹൊറർ കോമഡി കൂടിയാണ് സിനിമ.
സനു താഹിറൊരുക്കിയ ദൃശ്യങ്ങളും കിരൺ ദാസിന്‍റെ എഡിറ്റിംഗും ചേർന്ന് സിനിമയെ വേറെ ലെവൽ പടമാക്കിയിട്ടുണ്ട്. സുഷിന്‍ ശ്യാമിന്‍റെ സംഗീതമാണ് സിനിമയിലെ എടുത്തുപറയേണ്ട മറ്റൊരു വസ്തുത. യുവതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ സിനിമയും ഗാനങ്ങളും ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. അതിന്‍റെ വിജയമാണ് സിനിമയിറങ്ങും മുമ്പ് ഹിറ്റായ ആദരാഞ്ജലികൾ, തലതെറിച്ചവർ എന്നീ ഗാനങ്ങൾ ഇൻസ്റ്റ റീൽസിലും മറ്റും ഇപ്പോഴും വൈറലായി തുടരുന്നതും. വീണ്ടും വീണ്ടും കാണാൻ തോന്നുന്നൊരു മികച്ച ഹൊറർ കോമഡി സിനിമയാണ് രോമാഞ്ചം എന്ന് നിസ്സംശയം പറയാം. പിആർഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.
Content Highlights: romancham heading towards super hit, soubin shahir and arjun ashokan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..