കൂട്ടുകാരന് സമ്മാനം നൽകുന്ന രോമാഞ്ചം ടീം | ഫോട്ടോ: സ്ക്രീൻഗ്രാബ്
മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളുടെ ലിസ്റ്റിലേക്ക് സഞ്ചാരിച്ചുകൊണ്ടിരിക്കുകയാണ് 'രോമാഞ്ചം'. ഇതിനകം തന്നെ 'രോമാഞ്ച'വും അതിലെ കഥാപാത്രങ്ങളും എല്ലാം പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ഒരു ചിത്രം പ്രദർശനത്തിനെത്തിയത്. അത് ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ചിത്രം ഇപ്പോൾ നേടിയ വിജയം.
ആഴ്ചകൾക്ക് ശേഷവും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരവേ ചിത്രത്തിലെ ഒരു രംഗം ജീവിതത്തിലും പകർത്തിയിരിക്കുകയാണ് അഭിനേതാക്കൾ. സുഹൃത്തിന്റെ കല്യാണത്തിന് ക്ലോസെറ്റ് സമ്മാനം നൽകുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ചിത്രത്തിലെ അഭിനേതാക്കളിൽ ഒരാളായ അനസിന്റെ ഗൃഹപ്രവേശത്തിന് രോമാഞ്ചം ടീം പൊതിഞ്ഞ് സമ്മാനമായി നൽകിയത് ഒരു യൂറോപ്യൻ ക്ലോസറ്റാണ്.
സിനിമയിലെ രംഗം അഭിനേതാക്കൾ അതേപോലെ ജീവിതത്തിൽ കാണിച്ചത് കണ്ടുനിന്നവരിലും കൗതുകമുണർത്തി. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ്, ഗുഡ്വിൽ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, ജോബി ജോർജ് എന്നിവർ ചേർന്നാണ് രോമാഞ്ചത്തിന്റെ നിർമാണം. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സിജു സണ്ണി, സജിൻ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചെമ്പൻ വിനോദും ചിത്രത്തിൽ അതിഥി താരമായുണ്ട്. സുഷിൻ ശ്യാം ആണ് സംഗീത സംവിധായകൻ. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Content Highlights: romancham movie updates, romancham actors gives surprise gift to co actor anas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..