ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന 'റോക്കറ്ററി: ദി നമ്പി എഫക്ട്' സിനിമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മാധവന്‍ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

"പ്രതിഭാശാലിയായ നമ്പി നാരായണനെയും നിങ്ങളെയും കണാന്‍ പറ്റിയതില്‍ വളരെ സന്തോഷം.വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം

നമ്മുടെ സാങ്കേതിക വിദഗ്ധരും ശാസ്ത്രഞ്ജരും ഒരു പാട് ത്യാഗങ്ങള്‍ നമ്മുടെ രാജ്യത്തിനായി സഹിച്ചിട്ടുണ്ട്. റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഇതാണ് സൂചന തന്നത്"- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

നമ്പി നാരായണനും മാധവനും കഴിഞ്ഞ ദിവസമായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ഇരുവരും മോദിയോടൊപ്പം ഇരിക്കുന്ന ചിത്രവും മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയെ കാണാനും റോക്കറ്ററി സിനിമ കാണിക്കാനും തനിക്കും നമ്പി നാരായണനും സാധിച്ചെന്നും അദ്ദേഹത്തിന്റെ പക്കല്‍നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നെന്നുമായിരുന്നു മാധവന്റെ ട്വീറ്റ്. 

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വ്യത്യസ്തമായി ചിത്രീകരിച്ച സിനിമ മലയാളം തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 

നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും  മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോര്‍ട്ട്. 

ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആണ് എത്തുന്നത്.

Content Highlights: Rocketry: The Nambi Effect, R Madhavan, Nambi Narayanan Meets Prime Minister Narendra Modi