ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും അഭിനയിച്ച ചാര്‍ലിയുടെ തമിഴ് പതിപ്പ് എ.എല്‍ വിജയ് സംവിധാനം ചെയ്യും. തമിഴ്, മറാത്തി, ബംഗാളി ഭാഷയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നടന്‍ മാധവനാണ് പ്രധാന വേഷം ചെയ്യുന്നതെങ്കിലും സംവിധായകന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കള്‍ തമിഴ് ചിത്രം എ.എല്‍ വിജയ് സംവിധാനം ചെയ്യുമെന്ന് അറിയിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്തുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയേറിയ ജോലിയാണെന്നും എങ്കിലും ഇതിൽ പുതുമ കൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും എ.എല്‍ വിജയ് പറയുന്നു.
കഥയില്‍ മാറ്റമുണ്ടാവില്ലെങ്കിലും അതിന്റെ യഥാര്‍ഥ പതിപ്പില്‍ നിന്നും വ്യത്യസ്തത കണ്ടെത്താനാണ് ശ്രമം. മാധവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതും വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും സംവിധായകന്‍ പറഞ്ഞു. ദുല്‍ഖറിന്റെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ നടന്‍ മാധവന്‍ തന്നെയാണ്. പക്ഷെ മറ്റ് കഥാപാത്രങ്ങളുടെയൊന്നും കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.