ഗായിക മഞ്ജുഷയുടെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് കേരളത്തിലെ കലാലോകം. തനിക്ക് നഷ്ടപ്പെട്ടത് പ്രിയ ശിഷ്യയെയാണെന്ന് പറയുകയാണ് നടനും നൃത്താധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍.

കാലടിക്കടുത്ത് വച്ചു നടന്ന വാഹനാപകടത്തിലാണ് മഞ്ജുഷ മരിച്ചത്. മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മിനിലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സംഗീതത്തിലും നൃത്തത്തിലും ഒരേപോലെ പ്രാവീണ്യമുള്ള കുട്ടിയാണ് മഞ്ജുഷയെന്നും അപകടം നടന്നതിന്റെ തലേദിവസം തന്റെയടുത്ത് ഒരു ആഗ്രഹം പറഞ്ഞിരുന്നതായി രാമകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. 

രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയശിഷ്യ മഞ്ജുഷയ്ക്ക് ആദരാഞ്ജലികള്‍;ഐഡിയ സ്റ്റാര്‍ സിംഗങ്ങറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മള്‍ കണ്ടത്. എന്നാല്‍ ഞാന്‍ ഈ വര്‍ഷം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോള്‍ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായി എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു. ഗായികയാണോ, നര്‍ത്തകിയാണോ മുന്‍പില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വയ്യ. അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി. 

കഴിഞ്ഞയാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ മഞ്ജുഷയ്ക്കും, അഞ്ജനയ്ക്കും പരിക്ക് പറ്റിയിരുന്നു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു. അന്നു മുതല്‍ കലാലോകം മുഴുവനും പ്രാര്‍ത്ഥനയിലായിരുന്നു മഞ്ജുഷയ്ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാന്‍ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാന്‍ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു. അതിനായി റിഹേഴ്‌സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകള്‍ നല്‍കി നമ്മളുടെയെല്ലാം കലാഹൃദയത്തില്‍ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നര്‍ത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.